അങ്ങനെ സിപിഎമ്മിലും തിരുത്തല്വാദിഗ്രൂപ്പ് ഉടലെടുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എംഎ ബേബി, കെകെ ശൈലജ, തോമസ് ഐസക് എന്നിവര്‍ നേതൃത്വം നല്കുന്ന തിരുത്തല്‍ വാദിഗ്രൂപ്പിന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിന്തുണയുണ്ട്. സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി പച്ചക്കുതിര മാസികയില്‍ എഴുതിയ ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന ലേഖനമാണ് ഇതിനൊക്കെ ആധാരമായി രാഷ്ട്രീയ മാധ്യമ നിരീക്ഷകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
”ഇപ്പോള്‍ പാര്‍ലമെന്റിലുള്ളത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തില്‍ നിന്ന് പോലും വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. അതീവ ഗൗരവത്തോടെ ഇടപെടേണ്ട അവസ്ഥയാണിത്. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തില്‍ ചോര്‍ച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് ഇടമുണ്ടാകണം.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം ഇപ്പോള്‍ മുഴുങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണിയാണ്” ഇതാണ് ബേബിയുടെ ലേഖനത്തിന്റെ ആകെത്തുക.
ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം എന്ന ബേബിയുടെ വിമര്‍ശനം ചെന്നുതറക്കുന്നത് എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാം. സിപിഎമ്മിന് ഭരണമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. തിരുത്തലുകള്‍ ഇല്ലെങ്കില്‍ കേരളവും ഇടതുപക്ഷത്തെ കൈവെടിയും എന്ന മുന്നറിയിപ്പാണ് എംഎ ബേബി നല്‍കുന്നത്. 19,21,22 തീയതികളില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗം നടക്കുകയാണ്. അതിന് മുമ്പാണ് പിബി അംഗംകൂടിയായ സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാവ് ഇത്തരത്തില്‍ തുറന്ന വിമര്‍ശനം നടത്തുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലിലും കേന്ദ്ര കമ്മിറ്റിയിലും ഒക്കെ നടന്ന ചര്‍ച്ചകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതും സംസ്ഥാന നേതൃയോഗത്തിലാണ്. അതിന് ശേഷം തെരെഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെക്കുറിച്ച് വിശദമായ ചര്‍ച്ചകളും നടക്കും. ചര്‍ച്ചകളെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെയാണ് എംഎ ബേബി ഇത്തരത്തിലൊരു ലേഖനമെഴുതിയെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നത്.
സംസ്ഥാന സെക്രട്ടറിയാകാന്‍ ആഗ്രഹമുണ്ടായിരുന്ന ആളാണ് എംഎബേബി. എന്നാല്‍ പിണറായി വിജയനോട് മുട്ടാനുള്ള കെല്‍പ്പില്ലാത്തതിനാല്‍ നിശബ്ദത പാലിക്കുകയായിരുന്നു. ബേബിയും ഐസക്കും ഉള്‍പ്പെടെയുള്ള വിഭാഗം നേരത്തെ തന്നെ കണ്ണൂര്‍ ലോബിക്കെതിരായിരുന്നു. കടുത്ത വിഭാഗീയതയുടെ കാലത്ത് ഇവര്‍ വിഎസിനെതിരെ പിണറായിക്കൊപ്പം നിന്നെങ്കിലും കണ്ണൂര്‍ലോബിയിലെ മറ്റു നേതാക്കളായ ഇപി ജയരാജന്, പികെ ശ്രീമതി,പി ജയരാജന് തുടങ്ങിയ നേതാക്കള്ക്കെതിരായിരുന്നു ബേബിയും ഐസകും. എന്നാല്‍ സ്വന്തമായി ഒരു ഗ്രൂപ്പ് സിപിഎമ്മില്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നുമില്ല. ലോക്സഭാ തെരെഞ്ഞെടുപ്പിലെ വലിയ തിരിച്ചടി ഇരുവരെയും വീണ്ടും കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം കണ്ണൂര്‍ ലോബിയിലെ കെകെ ശൈലജയും എങ്ങും തൊടാതെ നിന്ന എളമരം കരീം, മന്ത്രിസ്ഥാനമൊഴിഞ്ഞ് എംപിയാകേണ്ടി വന്ന കെ രാധാകൃഷ്ണന് എന്നിവരും കൂടെയുണ്ട്.
ബംഗാളിലെ സിപിഎം 15 വര്‍ഷം കൊണ്ടാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടതെന്നോര്ക്കണമെന്നും ബേബി തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിനര്‍ത്ഥം കേരളത്തിലേ സിപിഎം ഭരണം പത്തുവര്‍ഷം പിന്നിടുമ്പോഴേക്കും ഇവിടെ പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലെത്തുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇത് പിണറായിക്കും അദ്ദേഹത്തെ പിന്തുണക്കുന്ന പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനുമുള്ള കൃത്യമായ മുന്നറിയിപ്പാണ്. കേരളത്തിലെ സിപിഎമ്മില്‍ പിണറായി വിജയനെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം നേതാക്കളുണ്ടെന്നും, കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിനുനേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമാണെന്നും ഭംഗ്യന്തരേണ വ്യക്തമാക്കുന്നതാണ് ബേബിയുടെ ലേഖനം.
സിപിഎമ്മില്‍ വേണ്ടും ചേരിതിരിവും വിഭാഗീയതയും വീണ്ടും പ്രത് ക്ഷപ്പെടുകയാണോ എന്ന സൂചനയാണ് ഇതില്‍ നിന്നൊക്കെ ലഭിക്കുന്നത്. വിഭാഗീയത വീണ്ടും ചൂടുപിടിച്ചാല്‍ അതിനെ എന്തുവിലകൊടുത്തും കൈകാര്യം ചെയ്യുമെന്നാണ് പിണറായി വിജയന് നല്കുന്ന സൂചന. അതിനുള്ള ഒരുക്കങ്ങളും അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സിപിഎം പഴയ സിപിഎം അല്ലന്നത് പോലെ പിണറായി പഴയ പിണറായിയും അല്ല.