ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ കനത്തതോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പരാജയം സംബന്ധിച്ച് ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും സിപിഎം പിബി പ്രസ്താവനയില്‍ അറിയിച്ചു.എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും തോൽവിയെ കുറിച്ച് പഠിക്കാൻ നിർദേശം നൽകി. അതാത് കമ്മിറ്റികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും പിബിയുടെ വിലയിരുത്തൽ.
സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചു. ഈ മാസം അവസാനം കേന്ദ്ര കമ്മിറ്റി യോഗം ചേരും. തുടർന്ന് എന്തൊക്കെ തിരുത്തൽ വേണമെന്ന് ആലോചിക്കും.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്നാണ് സിപിഎം പിബി വിലയിരുത്തൽ . 2014ലെയും 2019ലെയും തെരഞ്ഞെടുപ്പിന് പിന്നാലെ ഇത്തവണ 400 സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപിയുടെ പ്രചരണം. അവര്‍ക്ക് ലഭിച്ചത് 240 സീറ്റുകള്‍ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 63 സീറ്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്.