കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.വൈകീട്ട് നാലിനാണ് പരിപാടി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്, അഹ്മദ് ദേവർകോവിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സി.പി.ഐ നേതാവ് ബിനോയ് വിശ്വം, എം.വി ശ്രേയാംസ് കുമാർ ഉൾപ്പെടെ എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളും പരിപാടിക്ക് എത്തും. മുസ്ലിം മതസംഘടനാ പ്രതിനിധികളായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം, എ.പി വിഭാഗം നേതാവ് സി. മുഹമ്മദ് ഫൈസി, കെ.എന്‍.എം സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുല്ലക്കോയ മദനി, എം.ഇ.എസ് പ്രതിനിധിയായി ഫസൽ ഗഫൂർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. മുസ്ലിം ലീഗ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ പരിപാടിയുമായി ചുറ്റിപ്പറ്റി നടന്നിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ സി.പി.എം പരിപാടിയില്‍ പങ്കെടുക്കണമെന്ന ആവശ്യമുയര്‍ത്തി. കോണ്‍ഗ്രസ് സമ്മര്‍ദങ്ങള്‍ക്കിടെ നടന്ന ലീഗ് യോഗത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.