പാലക്കാട്: സിപിഐക്ക് വൻ തിരിച്ചടിയായി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. തച്ചമ്പാറ ലോക്കല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് തച്ചമ്പാറയാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ജോർജ് തച്ചമ്പാറ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ജോർജിന് പുറമെ മേഖലയിൽ നിന്ന് കൂടുതൽ പേർ സിപിഐ വിട്ട് ബിജെപിയിലേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇയാൾക്കൊപ്പം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം പേരാണ് ബിജെപിയിലേക്ക് പോവുന്നത്. സിപിഐയുടെ ഇപ്പോഴത്തെ പോക്ക് അപകടകരമാണെന്ന് ജോർജ് തച്ചമ്പാറ പ്രതികരിച്ചു.പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇടത് മുന്നണിയെയും സിപിഐയെയും പ്രതിരോധത്തിലാക്കി കൊണ്ട് ബിജെപിയുടെ നിർണായക നീക്കം. അനുഭാവികളല്ല മറിച്ച് ലോക്കൽ സെക്രട്ടറിയും കൂട്ടരും പാർട്ടി വിടുന്നതും അവർ ബിജെപിയിൽ ചേരുന്നതും സിപിഐയെ സംബന്ധിച്ച് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.പാലക്കാട് നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം ഇന്ന് ചേരുന്നുണ്ട്. അതിൽ പങ്കെടുക്കാനായി കെ സുരേന്ദ്രൻ ജില്ലയിലുണ്ട്. അതിനിടെയാണ് ഈ തിരക്കിട്ട നീക്കങ്ങൾ.