പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ് എന്നിവരെ അവിശ്വാസത്തിലൂടെ സിപിഐഎം പുറത്താക്കി . കോൺഗ്രസ് ,ബിജെപി പിന്തുണയോടെ വിജയിച്ചവരെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. സിപിഐഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മൂന്ന് കോൺഗ്രസ് മെമ്പർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ഇരുപത് മെമ്പർമാരാണ് മുതലമട ഗ്രാമപഞ്ചായത്തിൽ ഉള്ളത് . എട്ട് മെമ്പർമാരുള്ള പഞ്ചായത്തിൽ സിപിഐഎമ്മുമായിരുന്നു ഭരണം. പിന്നീട് ആർ കോൺഗ്രസും മൂന്ന് സ്വതന്ത്രരും മൂന്ന് ബിജെപി മെമ്പർമാരും ചേർന്ന് അവിശ്വാസത്തിലൂടെ സിപിഐഎമ്മിനെ താഴെയിറക്കി. പിന്നീട് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച കൽപന ദേവി പ്രസിഡൻ്റായി . സ്വതന്ത്രനായ താജുദ്ദീൻ വൈസ് പ്രസിഡൻ്റുമായി മൂന്ന് വർഷത്തോളമായി ഭരണം നടത്തി. ഇതിനിടയിലാണ് ഇന്ന് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും പുറത്താക്കാനായി സിപിഐഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വേട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്കും ബിജെപി അംഗങ്ങൾക്കും പാർട്ടികൾ നിർദ്ദേശം നൽകിയിരുന്നു. വിപ്പ് ലംഘിച്ച് കോൺഗ്രസിൻ്റെ മൂന്ന് മെമ്പർമാർ സിപിഐഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
ഇതോടെ പ്രസിഡൻ് കൽപന ദേവിയും വൈസ് പ്രസിഡൻ്റ് താജുദ്ദീനും പുറത്തായി. വിപ്പ് ലംഘിച്ച് സിപിഐഎമ്മിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ജാസ്മിൻ ഷൈഖ് ‘ വി . വിനേഷ് , രതീഷ് കുമാർ എന്നിവരെ കോൺഗ്രസ് പുറത്താക്കി .തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ നീക്കം സിപിഐഎമ്മിന് ഗുണകരമായി . ഇനി വരുന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിപിഐഎമ്മിന് വീണ്ടും അധികാരത്തിൽ വരാം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുമായി ചേർന്ന് ഭരണത്തിൽ വരാൻ കോൺഗ്രസ് ശ്രമിക്കില്ല.