മലപ്പുറം ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും മുസ്ലിം ലീഗിനെ ‘ഉപദ്രവിക്കാത്ത രീതിയില്‍’ സിപിഎം സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചത് പുതിയ രാഷ്ട്രീയ ചര്‍ച്ചക്ക് തുടക്കമിടുന്നു. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗ് മല്‍സരിക്കുന്ന രണ്ടു ലോക്സഭാ മണ്ഡലങ്ങളായ പൊന്നാനിയിലും, മലപ്പുറത്തും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കുന്നത് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയും, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫുമാണ്. ഇവര്‍ രണ്ടുപേരും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളായിട്ടാണ് ഇടതുമുന്നണി പോലും വിലയിരുത്തുന്നത്.
മുസ്ലിം ലീഗില്‍ നിന്നും പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചു പുറത്താക്കപ്പെട്ട ഹംസയാകട്ടെ കാര്യമായ ജനകീയ അടിത്തറയില്ലാത്തയാളാണ്. വി വസീഫാകട്ടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നയാളാണെങ്കിലും ജനകീയബന്ധങ്ങള്‍ അത്രക്കില്ലാത്തയാളാണ്. മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട കാലത്ത് പിണറായി- കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിനെതിരെ ഹംസ നടത്തിയ കടുത്തപ്രതികരണങ്ങളുടെ വീഡിയോകള്‍ ഇപ്പോള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
ഈ രണ്ടും മണ്ഡലങ്ങളിലും കടുത്തമല്‍സരം കാഴ്ചവക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ ഇറക്കണമെന്നായിരുന്നു ആദ്യം ഇടതുമുന്നണിയുടെ തീരുമാനം. എന്നാൽ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫിനെതിരെ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്ത്തണമെന്നാഗ്രഹിച്ച സിപിഎം നേതൃത്വത്തിന്റെ മനസ്സിലുണ്ടായിരുന്നത് 2004 ല്‍ മലപ്പുറം സീറ്റ് ടി കെ ഹംസയെ നിർത്തി പിടിച്ചെടുത്ത മാതൃകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിടിച്ച മറ്റു മണ്ഡലങ്ങളിലെല്ലാം കരുത്തരായ സ്ഥാനാര്ത്ഥികളെത്തന്നെയാണ് സിപിഎം ഇത്തവണ അണിനിരത്തിയിരിക്കുന്നതും. എന്നാല്‍ കോണ്‍ഗ്രസിന് എതിരേ ഉയര്‍ത്തുന്ന കടുത്ത മല്‍സരം മുസ്ലിം ലീഗിനോട് വേണ്ടാ എന്നായിരുന്നു സിപിഎം തീരുമാനം.
എല്ലാ മണ്ഡലങ്ങളിലും കടുത്ത മത്സരം ഉറപ്പാക്കുക എന്ന ആദ്യ തീരുമാനത്തിൽ നിന്നും സിപിഎമ്മും ഇടതുമുന്നണിയും പിന്നോക്കം പോവുകയായിരുന്നു. ഒടുവിൽ മലപ്പുറം ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും മുസ്ലിം ലീഗുമായി ‘ സൗഹൃദമല്‍സരം’ എന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേർന്നു. അങ്ങനെയാണ് താരതമ്യേന ദുര്‍ബലര്‍ എന്ന് കരുതാവുന്ന ഹംസക്കും വസീഫിനും നറുക്കുവീണത്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ തികഞ്ഞ ലക്ഷണമായിട്ടാണ് പലരും ഈ നീക്കത്തെ കാണുന്നത്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും സി പി എമ്മും തമ്മിലുള്ള അന്തര്ധാരയെന്നാല് പി കെ കുഞ്ഞാലിക്കുട്ടിയും പിണറായിവിജയനും തമ്മിലുള്ള അഡ്ജസ്റ്മെന്റ് എന്നര്‍ത്ഥം.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് ബാധിക്കുക ലീഗിലുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനത്തെയാണ്. അത് കൊണ്ട് തന്നെ തനിക്ക് പരിക്കുപറ്റാന്‍ സാധ്യതയില്ലാത്ത വിധത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തണമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു എന്നാണ് മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ നേതാക്കള്‍ രഹസ്യമായി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകുവുകയാണെങ്കില് ലീഗിന് മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേരും ജയിച്ചു പാര്‍ലമെന്റില്‍ എത്തണമെന്ന് സിപിഎം ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായാണ് ദുര്‍ബലരായ രണ്ടുപേരെ ലീഗ് കോട്ടയിൽ സ്ഥാനാര്‍ത്ഥികളാക്കിയതെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്കുന്ന സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ളീംലീഗിനെ മുന്‍നിര്‍ത്തിക്കൊണ്ടുളള രാഷ്ട്രീയ നീക്കത്തിനാണ് സിപിഎം ലക്ഷ്യമിടുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്ക് ഭരണം ലഭിക്കാന്‍ ഇത്തവണയും സാധ്യതയില്ലന്ന് മുസ്ലിം ലീഗ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലും അസംബ്ളി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് മുന്നണിയുടെ സാധ്യതകളെക്കുറിച്ച് ലീഗിന് ഇപ്പോഴും സംശയങ്ങളുണ്ട്.
സംഘപരിവാറിനെതിരെ കടുത്തനിലപാട് എടുക്കുന്ന സിപിഎമ്മിനൊപ്പം നിന്നില്ലെങ്കില്‍ തങ്ങളുടെ അണികളെ മുഴുവന്‍ ആ പാര്‍ട്ടി വലിച്ചുകൊണ്ടുപോകുമെന്ന ഭയവും മുസ്ലിം ലീഗിനുണ്ട്. ഇതിന്റെ ഭാഗമായി സിപിഎമ്മുമായി ‘ഒരഡ്ജസ്റ്റ്മെന്റിൽ’ നീങ്ങുന്നതാണ് നല്ലതെന്ന് ലീഗിന് ബോധ്യമായിട്ടുണ്ട്. ഇതാകട്ടെ സിപിഎമ്മിനും സമ്മതമാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പല്ല, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഹാട്രിക് ആണ് സിപിഎമ്മിന്റെ ആത്യന്തിക ലക്ഷ്യം.
മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന കാലഘട്ടമാണിത്. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് അടുത്തകാലത്തൊന്നും ഭരണം ലഭിക്കില്ലെന്ന തിരിച്ചറിവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മാത്രമല്ല കോണ്‍ഗ്രസ് അവിടെ പിടിച്ചുനില്‍ക്കാനായി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയും സിപിഎം അത് കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇത്രയും കാലം ലീഗിന്റെ നിര്‍ദേശം ശിരസാവഹിച്ചിരുന്ന സമസ്ത പോലുളള സംഘടനകള്‍ തങ്ങള്‍ക്ക് കൂടുതൽ വിശ്വാസം പിണറായിയെയും സിപിഎമ്മിനെയുമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ഇതെല്ലാം മുന്നിര്ത്തിനോക്കുമ്പോള് കേരളത്തില്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്ന് ലീഗിലെ വലിയൊരുവിഭാഗം ചിന്തിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ തങ്ങളുടെ വിലപേശലിനുള്ള അവസരം കുറഞ്ഞുവരുന്നതും മുസ്ലിം ലീഗിനെ നിരാശപ്പെടുത്തുന്നു. അപ്പോള്‍ നിലവില്‍ പാർട്ടിക്കുള്ള രണ്ടു ലോക്സഭാ സീറ്റുകള്‍ വലിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തേണ്ടത് ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ അനിവാര്യതയാണ്. അതിനു സിപിഎമ്മിന്റെ ഭാഗത്ത് നിന്നു ഒരു കൈ സഹായം കിട്ടുകയാണെങ്കിൽ സന്തോഷമേയുള്ളൂ. ആ സഹായമാണ് ലീഗിന്റെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ സിപിഎം അവര്‍ക്ക് ചെയ്തുകൊടുത്തത്.