എസ് എന്‍ഡിപി ശാഖായോഗങ്ങളില്‍ നടക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ വ്യാപകമായി പങ്കെടുക്കാനും ശാഖകള്‍ പിടിച്ചെടുക്കാനും അണികള്‍ക്ക് നിര്‍ദേശം നല്കി സിപിഎം നേതൃത്വം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഈഴവസമുദായത്തില്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ കഴിയുന്നതും എസ്എന്‍ഡിപി ശാഖാ യോഗങ്ങളില്‍ സജീവമാകണമെന്നും അതുവഴി അവിടെ തെരെഞ്ഞെടുപ്പുണ്ടാകുമ്പോള് ‘ പാര്‍ട്ടി പാനല്‍’ അവതരിപ്പിച്ച് ശാഖായോഗങ്ങള്‍ പിടിച്ചെടുക്കണമെന്നുമാണ് സിപിഎം പാര്‍ട്ടി തലത്തില്‍ എടുത്തിരിക്കുന്ന തിരുമാനം. ആലപ്പുഴജില്ലയിലെ മുഹമ്മ പോലുളള സ്ഥലങ്ങളില്‍ ഈ പരിപാടി വിജയകരമായി തന്നെ സിപിഎം നടപ്പിലാക്കിക്കഴിഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മധ്യ തെക്കന്‍ കേരളത്തില്‍ പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ കുത്തകയായിരുന്ന ഈഴവവോട്ടുകള്‍ വലിയ തോതില്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയിരുന്നു, ആലപ്പുഴയിലും ആറ്റിങ്ങലിലും സിപിഎം സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് വലിയ കാരണമായത് ബിജെപിയിലേക്കൊഴുകിയ ഈഴവവോട്ടുകളായിരുന്നു. സിപിഎമ്മിന്റെ മുസ്ളീം പ്രീണനം കൊണ്ടാണ് ഒരു കാലത്ത് പാര്‍ട്ടിയുടെ കുത്തക വോട്ടുകള്‍ ബിജെപിയിലേക്ക് പോയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതത്ര ലാഘവത്തോടെ എടുക്കാന്‍ സിപിഎം നേതൃത്വം തയ്യാറായില്ല. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പുകളിലും അതിന് ശേഷം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമുണ്ടാക്കിയാല്‍ ചോരുന്നത് തങ്ങളുടെ വോട്ടുകള്‍ തന്നെയാണെന്ന് സിപിഎം തിരിച്ചറിഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി ഈഴവ സമുദായത്തില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ എസ്എന്‍ഡിപി ശാഖായോഗങ്ങളുമായി അധികം ബന്ധപ്പെടാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഹിന്ദു സമുദായസംഘടനകളുമായി പ്രത്യേകിച്ച് എസ്എന്‍ഡിപി പോലുള്ള സമുദായസംഘടനകളുമായി അടുത്ത് ബന്ധപ്പെടണമെന്ന് സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എസ്എന്‍ഡിപി മാത്രമല്ല എന്‍എസ്എസ്, ധീവരസഭ, വിശ്വകര്‍മ്മസഭ, കേരളാ പുലയര്‍മഹാസഭാ തുടങ്ങിയ സമുദായ സംഘടനകളുമായും മികച്ച ബന്ധം സൂക്ഷിക്കണമെന്നും, ഈ വിഭാഗത്തില്‍പ്പെട്ട പാര്‍ട്ടി സഖാക്കള്‍ കഴിയുമെങ്കില്‍ ഇത്തരം സമുദായ സംഘടനകളുടെ താഴെ തട്ടിലുള്ള കമ്മിറ്റികളില്‍ അംഗങ്ങളും ഭാരവാഹികളുമാകണമെന്നുമുള്ള ഒരു അനൗദ്യോഗിക നിര്‍ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുന്ന മുറക്ക് ന്യുനപക്ഷ വോട്ടുകള്‍ പ്രത്യേകിച്ച് മുസ്ലീം വോട്ടുകള്‍ തങ്ങളെ കൈവിടുമെന്ന് സിപിഎം മനസിലാക്കിയിട്ടുണ്ട്. ക്രൈസ്തവ വോട്ടുകള്‍ കിട്ടാനുള്ള മാര്‍ഗങ്ങള്‍ സിപിഎം തന്നെ അടച്ചു. അപ്പോള്‍ പിന്നെ പരമ്പരാത വോട്ടുബാങ്കുകളെ പുനരു്ജ്ജീവിപ്പിക്കുക എന്നത് മാത്രമാണ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏക അതിജീവനമാര്‍ഗം. ആലപ്പുഴപോലെ ഈഴവ വോട്ടുകള്‍ 70 ശതമാനം കിട്ടിക്കൊണ്ടിരുന്ന ഒരു ജില്ലയില്‍ പോലും വലിയ തോതിലുള്ള തിരിച്ചടി സിപിഎമ്മിന് നേരിടേണ്ടി വന്നത് പാര്‍ട്ടിയെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷത്തെ വിട്ട് മുസ്ളീം ന്യുനപക്ഷത്തെ പിടിക്കാനുള്ള സിപിഎം ശ്രമം വലിയൊരു പരാജയമായി അവസാനിച്ചുവെന്ന് പാര്‍ട്ടി സമ്മതിച്ചുകഴിഞ്ഞു. ഇനി പഴയ തന്ത്രങ്ങള്‍ പൊടിതട്ടിയെടുക്കുക എന്നതിലേക്ക് പാര്‍ട്ടി മാറുകയുമാണ്. ബിജെപി തങ്ങളുടെ അടിത്തറയിലേക്ക് കടന്നുകയറുന്നത് എസ്എന്ഡിപിയിലൂടെയും ഈഴവസമുദായത്തിലൂടെയുമാണെന്നും സിപിഎം മനസിലാക്കിക്കഴിഞ്ഞു. എന്ത് വിലകൊടുത്തും അതിനെ തടഞ്ഞേ മതിയാകൂ. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചെറിയ ഏറ്റക്കുറച്ചില്‍ മാറ്റി നിര്‍ത്തിയാല്‍ ഇപ്പോഴും പഴയപോലെ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ബിജെപി ഈഴവവോട്ടുകളിലേക്ക് കടന്നു കയറുന്നത് വലിയൊരു പ്രശ്നമാകില്ല.
1960 കളില്‍ ആര് ശങ്കറിന്റെ നേതൃത്വത്തില്‍ അന്നത്തെ എസ് എന്‍ഡിപിയോഗം കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ അതിനെ തകര്‍ക്കാനായി സിപിഎം അംഗങ്ങളോട് ശാഖായോഗങ്ങളില്‍ ഭാരവാഹിത്വമെടുക്കാന് പാര്‍ട്ടി ആവശ്യപ്പെടുകയുണ്ടായി. പിഎസ് ഗംഗാധാരന് എന്ന ഒരു സിപിഎം നേതാവിനെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പിഎസ് ഗംഗാധരന് പിന്നീട് പാര്‍ട്ടി വിടുകയും എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ആര്‍പിയുടെ സ്ഥാപക നേതാവാകുകയും ചെയ്തു. കേരളത്തില്‍ തങ്ങളുടെ അടിത്തറയില്‍ കാര്യമായ ശോഷണം സംഭവിക്കുന്ന കാര്യം സിപിഎം തിരിച്ചറിയുന്നുണ്ട്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ആ ശോഷണത്തെ എങ്ങിനെയെങ്കിലും പിടിച്ചു നിര്‍ത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതില്‍ പാര്‍ട്ടിക്ക് വിജയിച്ചേ തീരൂ. അല്ലെങ്കില്‍ 2026 ന് നിയമസഭാ തെരെഞ്ഞെടുപ്പ് സിപിഎമ്മിനെ സംഭവിച്ചിടത്തോളം വാട്ടര്‍ലൂവായിരിക്കും