തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസ് ഇന്ന് നൂറു വയസു തികയ്ക്കുന്നു. വിഎസ് എന്ന പേരും ആ പേരിലൂടെ സിപിഎം വാരിയെടുത്ത ജനകീയതക്കും കൂടിയാണ് നൂറു വയസു തികയുന്നത്. മാധ്യമങ്ങൾ പതിച്ചു നൽകിയ വെട്ടിനിരത്തൽ സമര നേതാവ് എന്ന കറുത്ത നിഴലിൽ നിന്നും മുഖ്യമന്ത്രിയേക്കാൾ ഏറെ ജനം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് എന്ന തലത്തിലേക്ക് വിഎസ് വളർന്നതാണ് കടുത്ത ഗ്രൂപ്പിസത്തിൽ തളർന്നു തുടങ്ങിയ സിപിഎമ്മിന്റെ അടിത്തട്ടുകളെ പ്രചോദിപ്പിച്ചത്.
പ്രായത്തിന്റെ അവശത സജീവരാഷ്ട്രീയത്തിന് തിരശീലയിട്ടെങ്കിലും വി.എസ് എന്ന പേരിന്റെ തിളക്കവും, തീയും ഇനിയും കെട്ടുപോയിട്ടില്ല. സമരങ്ങളുടെ തീവഴിയിലൂടെ ഒരു നൂറ്റാണ്ട് പ്രയാണം നടത്തിയ , വിട്ടുവീഴ്ചയില്ലാത്ത സമര പോരാട്ടങ്ങളുടെ നായകന് വിഎസ് അച്യുതാനന്ദൻ ഇന്നും സാധാരണ പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷയാണ്, പ്രചോദനമാണ്. വിഎസ് ആരോഗ്യവാനായിരുന്നുവെങ്കിൽ എന്ന് പലവട്ടം ഓർത്തുപോകാത്ത ഒരു രാഷ്ട്രീയ കുതുകിപോലും കേരളത്തിൽ ഉണ്ടാകില്ല എന്നതാണ് ഇന്നുകളുടെ യാഥാർഥ്യം.കാർക്കശ്യക്കാരനായ പാർട്ടി സെക്രട്ടറി എന്ന നിലയിൽ മാധ്യമങ്ങൾക്ക് കടുത്ത അപ്രീതി ഉണ്ടായിരുന്ന ഒരാളാണ് മാരാരിക്കുളത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങളുടെ ഓമനയായി പരിണമിച്ചത്.വിഎസ് ഏറ്റെടുത്ത സമരങ്ങളുടെ മെറിറ്റ് തന്നെയായിരിരുന്നു ആ മാറ്റത്തിന്റെ ഹേതു.
ഇടത്പക്ഷരാഷ്ട്രീയത്തിന്റെ രണനായകന് നൂറ്റാണ്ടിന്റെ പടവും കടക്കുമ്പോള്‍ ചരിത്രത്തിലേക്ക് നീണ്ട് കിടക്കുന്നത് സമരശോഭയാർന്ന കാല്‍പ്പാടുകള്‍. വി.എസ് അച്യുതാനന്ദന് എന്ന പേര് ഇന്ത്യന്‍ മാർക്സിസ്റ്റ് ധാരയുടെ പുസ്കകത്തില്‍ മാത്രമൊതുങ്ങുന്ന ഒരു നാമമല്ല. അശരണരായ മുഴുവന്‍ മനുഷ്യരിലേക്കും ആശ്രയവെളിച്ചം വിതറിയ ഒരു മുന്നേറ്റത്തിന്റെ നെടുനായകത്വമാണത്. മണ്ണിലിറങ്ങി നിന്ന് മഴയും വെയിലും കൊണ്ട്, ചേറുപുരണ്ട ജീവിതങ്ങളെ നെഞ്ചിലെടുത്ത് വച്ച മാനവികതയുടെ ചുരക്കപ്പേര് കൂടിയാണ് വി.എസ്.കണ്ണേ കരളേ വിഎസേ എന്ന് തിരഞ്ഞെടുപ്പ് വേദികളിലും സമരമുഖങ്ങളിലും ഏറ്റു വിളിക്കാത്ത, അല്ലെങ്കിൽ അത്തരമൊരു ആവേശ നിമിഷം നേരിൽ ദർശിച്ചിട്ടില്ലാത്ത ഒരു തലമുറ ഇന്ന് കേരളത്തിലില്ല .
സാമൂഹിക പ്രശ്നങ്ങളില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് നിന്ന് പോരടിച്ചയാളാണ് വി.എസ്. സമവായം എന്നാല്‍ സ്വയം നഷ്ടപ്പെടലാണെന്ന് തിരിച്ചറിഞ്ഞ നേതാവ്. ആഗോള വത്കരണ സമൂഹത്തിലെ യാഥാർത്ഥ ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ പാഠപുസ്കകമാണ് വി.എസ്. അനുഭവങ്ങളുടെ തീച്ചുളയില്‍ നിന്ന് വാർത്തെടുക്കപ്പെട്ട നേതാവ്. പ്രായം നൂറാണ്ടെത്തുമ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ വി.എസില്ല. പക്ഷെ ആ പേരുകേട്ടാല്‍ ഇപ്പോഴും സമരാവേശത്തിന്റെ രക്തതാപമേറുന്നൊരു തലമുറയെ വി.എസ് തെരുവുകളില്‍ ബാക്കിവെച്ചിട്ടുണ്ട്.