കൊച്ചി : ചാനൽ ചർച്ചക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമനടപടിയുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുൺ കുമാർ. എറണാകുളത്തെ ജിജെകെ അസോസിയേറ്റ്സിലെ അഡ്വ. പി കെ വർഗീസ് മുഖേന വക്കീൽ നോട്ടീസ് അയച്ചതായി അരുൺ കുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. 7 ദിവസത്തിനുള്ളിൽ സ്വന്തം ചാനലിലൂടെ നിരുപാധികം മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലെങ്കിൽ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ക്രിമിനലായും സിവിലായും നിയമ നടപടി ആരംഭിക്കുമെന്നും അരുൺ കുറിപ്പിൽ പറയുന്നു.
അഡ്വ. കെ എസ് അരുൺ കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം:
24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമ നടപടി ആരംഭിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂ എറിഞ്ഞ കേസിൽ പ്രതികളുമായി ബന്ധമുണ്ട് എന്ന കേസില്‍ 24 ന്യൂസ് റിപ്പോർട്ടറെ പോലീസ് പ്രതി ചേർത്തതുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനൽ ഡിസംബർ 23ന് രാത്രി 8 ന് നടത്തിയ “എൻകൗണ്ടർ ” ചർച്ചയിൽ ക്ഷണപ്രകാരം ഞാന്‍ പങ്കെടുത്തു.
പ്രെെം ടെം ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പാര്‍ടി നിര്‍ദ്ദേശപ്രകാരമാണ്. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഓരോ സഖാക്കളും പ്രെം ടെെം ഡിബേറ്റുകള്‍ ഉള്‍പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ അരുണ്‍കുമാര്‍ എന്ന വ്യക്തി ആയിട്ടല്ല.,പാര്‍ടി പ്രതിനിധി ആയിട്ടാണ് പങ്കെടുക്കുന്നത്….
ഡിസംബര്‍ 23 ന്റെ ചര്‍ച്ചയില്‍ സെെബറിടങ്ങളില്‍ ഇടപെടുന്ന സഖാക്കളേയും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളേയൂം അങ്ങേയറ്റം അപഹസിച്ചാണ് ഹാഷ്മി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അത് മാധ്യമ പ്രവര്‍ത്തകരുടെ അതിരുകടന്ന ഇടതുവിരുദ്ധതയുടെ ഭാഗമായുള്ള പരാമര്‍ശങ്ങളായി കണ്ട് അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളികളയുന്നൂ…
എന്നാല്‍ പാര്‍ടി പ്രതിനിധി ആയി പങ്കെടുക്കുന്ന എനിക്കെതിരെ ചർച്ചയുടെ തുടക്കം മുതൽ വളരെ മോശമായാണ് ഹാഷ്മി പെരുമാറിയത്. മലയാള ഭാഷയിൽ നാം പൊതുവെ ഉപയോഗിക്കാൻ മടിക്കുന്ന വാക്കുകളും വാചകങ്ങളും ഉപയോഗിക്കുകയും എനിക്കെതിരെ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത വ്യാജ പ്രചാരണം ചാനലിലൂടെ നടത്തുകയും ചെയ്തു. ലെെവ് ചര്‍ച്ചയില്‍ ആങ്കറുടെ അതിരുകടന്ന ഇടപെടല്‍ കാരണം ഹാഷ്മി എനിക്കെതിരെ നടത്തിയ വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ ആ സമയം ശ്രദ്ധയില്‍ പെട്ടില്ല…
പരസ്പരം ഹാഷ്മിക്കൊപ്പം സംസാരിക്കേണ്ടി വന്നതിനാല്‍ ഹാഷ്മിയുടെ എനിക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വ്യക്തമായി മനസിലായില്ല. ആയതിനാല്‍ ലെെവ് ചര്‍ച്ചയില്‍ മറുപടിയും നല്‍കാനായില്ല… ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനേയാണ് സുഹൃത്തുക്കളും സഖാക്കളും ഫോണിലൂടെയും മെസേജായും എന്നെ അറിയിച്ചത്. വ്യക്തിപരമായി എന്നേ അപമാനിച്ചതിനേക്കാള്‍ എന്റെ പാര്‍ടിക്കും സഖാക്കള്‍ക്കും എതിരെയുള്ള അപമാനമായി ഞാന്‍ കണക്കാക്കുന്നു…. ഞാന്‍ ചെയ്യാത്ത പ്രവൃത്തികള്‍ എന്റെ തലയില്‍ കെട്ടിവെക്കാന്‍ ലെെവ് ചര്‍ച്ചയില്‍ നടത്തിയ ശ്രമം അങ്ങേയറ്റം ഹീനമായ പ്രവൃത്തിയാണ്…
അതിന്റെ കട്ടിംഗ് ക്ളിപുകള്‍ വ്യാപകമായി എതിരാളികള്‍ എനിക്കെതിരെയും പാര്‍ട്ടിക്കെതിരായും ഉപയോഗിച്ചതും ശ്രദ്ധയില്‍പെട്ടു.
മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി എനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും എന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വ ലക്ഷ്യത്തോടെയാണ്. ഇത് ഹാഷ്മി താജ് ഇബ്രാഹിം അടക്കമുള്ള മാധ്യമ പ്രവർത്തകർ കഴിഞ്ഞ 2 വർഷമായി എനിക്കെതിരെ നടത്തിയ തെറ്റായ പ്രചാരണത്തിന്റെ തുടർച്ച തന്നെയാണ്.
അന്നേദിവസം (23.12.2023) രാത്രി 12 .48 ന് ഹാഷ്മി എനിക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയച്ച്, ഗൂഡാലോചന നടത്തിയതിന് ”പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ വനീതയുടെ സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പിടിവിട്ടു പോയതാണെന്നും നടത്തിയ കള്ള പരാമർശത്തിൽ പാർട്ടി സഖാക്കൾക്ക് ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ താൻ എന്താണ് ചെയ്യേണ്ടത് ” എന്നും ചോദിച്ചു. അപ്പോൾ താൻ ചാനലിലൂടെ ആക്രോശിച്ചത്, പ്രചരിപ്പിച്ചത് പച്ച കള്ളമാണ് എന്ന് ഹാഷ്മിക്ക് തന്നെ ബോധ്യമുണ്ട് എന്നതിന് ഈ മെസേജ് പ്രധാന തെളിവാണ്. നടത്തിയത് വ്യാജ പ്രചാരണമാണ് എന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഹാഷ്മി അന്നേ ദിവസം തന്നെ വാട്സ് അപ്പ് സന്ദേശം അയച്ചത്. ഞാൻ ഈ മേസേജിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സംഭവം ഹാഷ്മിയെപ്പോലുള്ള മാധ്യമ പ്രവർത്തകർ ഒരു നുണയെ, ഒരു വസ്തുതാ വിരുദ്ധമായ കാര്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ്. ചാനലിലൂടെ എല്ലാ മര്യാദകളും ലംഘിച്ച് നുണപ്രചരണം നടത്തുകയും വ്യക്തിപരമായി മെസേജ് ഇട്ട് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. തങ്ങൾക്കെതിരെ നിൽക്കുന്നവരെ, ചാനലുകളുടെ ഗുരുതരമായ ഗൂഡാലോചന ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ എന്ത് അധമമാർഗ്ഗവും സ്വീകരിക്കാൻ മടിയില്ല എന്ന് ഹാഷ്മി എന്ന മാധ്യമപ്രവര്ത്തകന് തെളിയിച്ചിരിക്കുകയാണ്. നവമാധ്യമങ്ങളിലൂടെ ഒരു രൂപ പ്രതിഫലം പോലും വാങ്ങാതെ വിദേശത്തും, നാട്ടിലും, തങ്ങളുടെ തൊഴിലിടവേളകളില്‍ മാധ്യമങ്ങളുടെ പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്ന സെെബറിടങ്ങളിലെ സഖാക്കളോട് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നുന്ന വിരോധം കൊണ്ടാണ് നിങ്ങളുടെ അന്തിചര്‍ച്ചവേദികളില്‍ അവരെ ആക്ഷേപിക്കുന്നതിന് കാരണം.
അതുകൊണ്ട് സെെബറിടങ്ങളിലെ സഖാക്കള്‍ നിശബ്ദരാകുമെന്നൊന്നും നിങ്ങള്‍ ധരിക്കേണ്ട… അതിന്റെ ഭാഗം മാത്രമാണ് ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ടി പ്രതിനിധികളേയും വ്യക്തിപരമായി കടന്നാക്രമിച്ച് അപമാനിക്കുന്നത്…
ആയതിനാൽ 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നിയമ നടപടി ആരംഭിക്കാൻ തീരുമാനിക്കുകയും എറണാകുളത്തെ GJK അസോസിയേറ്റ്സിലെ അഡ്വ. പി.കെ. വർഗീസ് മുഖേന വക്കീൽ നോട്ടീസ് അയച്ചതും. 7 ദിവസത്തിനുള്ളിൽ സ്വന്തം ചാനലിലൂടെ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 24 ന്യൂസിന്റെ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ക്രിമി നിലായും സിവിലായും നിയമ നടപടി ആരംഭിക്കും.
നിങ്ങളുടെ വ്യക്തിപരമായ കടന്നാക്രമണങ്ങള്‍കൊണ്ടൊന്നും മാധ്യമങ്ങളുടെ നുണപ്രചരണങ്ങളെ തുറന്ന്കാണിക്കുന്നതില്‍ നിന്ന് ഒരിഞ്ച്പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നുമില്ല…. ഹാഷ്മി എനിക്ക് അയച്ച സന്ദേശം കമന്റിലുണ്ട്…വ്യക്തിപരമായ സന്ദേശങ്ങളെല്ലാം പരസ്യമായി പുറത്തിടുന്നത് കുറേ ആലോചിച്ചുതന്നെയാണ്.. ഞാനും പച്ചയായ ഒരു മനുഷ്യനാണല്ലോ…. നിങ്ങളുടെ ചാനല്‍ ഫ്ളോറുകളില്‍ ലക്ഷകണക്കിന് പ്രേക്ഷകരുടെ മുന്നില്‍ ഇല്ലാത്ത കാര്യം പറഞ്ഞ് അപമാനിച്ചതിന് ശേഷം സ്വകാര്യമായി പറ്റിപോയി എന്ന് മെസേജിട്ടാല്‍ അങ്ങനെ പരിഹാരമാവില്ലല്ലോ ഒന്നും…. വക്കീല്‍ നോട്ടീസിന്റെ പൂര്‍ണരൂപം കമന്റിലുണ്ട്….