ആലപ്പുഴ : എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാന്. സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനു ശേഷം കൃത്യമായി പ്രതികരിക്കും. നിഖില്‍ തെറ്റ് ചെയ്തെന്ന് വ്യക്തമായല്ലോ എന്നും ബാബുജാന് പറഞ്ഞു. നിഖിലിനുവേണ്ടി ഇടപെട്ടിട്ടില്ലെന്ന് ബാബുജാന് ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു.
നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട്, അഡ്മിഷനായി ഇടപെട്ടത് ബാബുജാനാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചു. എംഎസ്എം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് അഡ്മിഷൻ നേടാൻ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനെ വഴിവിട്ട് സഹായിച്ചത് ബാബുജാനാണെന്നാണ് ആരോപണം.
ഈ സാഹചര്യത്തിലാണ്, വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്ന ബാബുജാന്റെ നിലപാട്. ‘‘നിഖിൽ തോമസുമായി ബന്ധപ്പെട്ട വിവാദത്തിന്റെ വസ്തുതാപരമായ വിശദീകരണം ഞാൻ നിങ്ങൾക്ക് തരും. ആദ്യം അതിന്റെ വിവരങ്ങൾ ശേഖരിക്കട്ടെ. സർവകലാശാലയിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. അത് ലഭിച്ച ശേഷം വിശദീകരണം നൽകാം. ഇതിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ല. പറയുന്ന കാര്യങ്ങളിൽ വ്യത്യാസം വരുന്നുണ്ട്. അതുകൊണ്ട് കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം നിങ്ങളെ കണ്ട് സംസാരിക്കാം’’– ബാബുജാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിഖില്‍ തോമസിന്റെ കോളജ് പ്രവേശനത്തില്‍ ഒരു സിപിഎം നേതാവ് ശിപാര്‍ശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഇതിന് പിന്നാലെയാണ് ചെന്നിത്തല ബാബുജാന്റെ പേര് പരാമര്‍ശിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ നിഖിൽ തോമസിനെ എസ്എഫ്ഐ പുറത്താക്കി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ നിഖിൽ ഒളിവിലാണ്.