തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ പറ്റിയുള്ളപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ സി.പി.എം. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു.സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിനായി എത്തിയപ്പോഴാണ് എ.കെ ബാലന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടേത് അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ്. വിഷയത്തില്‍ മൂന്ന് അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രം നല്‍കിയിട്ടും പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണം. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയില്‍ പരോക്ഷമായി അപമാനിക്കുകയാണ് മോദി ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകള്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണം. കേന്ദ്ര ഏജന്‍സിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപി ചടങ്ങിൽ പങ്കെടുത്ത പ്രതിഭകൾ വഞ്ചിക്കപ്പെട്ടു. ബി.ജെ.പി വേദിയിൽ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്നും അത് പരിശോധിക്കണമെന്നും ബാലന് പറഞ്ഞു.തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടന്ന മഹിളാ മോര്‍ച്ചയുടെ സംഗമത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്ക്കും അറിയാമെന്നായിരുന്നു മോദി പറഞ്ഞത്.