കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ സിപിഎമ്മിന്റെ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രം കണ്ണൂര്‍ ജില്ലയാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ പാര്‍ട്ടിക്ക് ബ്രാഞ്ച് സമ്മേളനം നടത്താന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയാണ്. കടുത്ത പ്രദേശിക വിഭാഗീയതയും, പ്രശ്നങ്ങളും കണ്ണുരിലെ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും അകറ്റുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുകള്‍ ഒഴുകിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഉടനടി ചില തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടെങ്കിലും അതൊന്നും കാര്യമായി ഫലം ചെയ്തില്ലന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തട്ടകമായ മൊറാഴയിലെ അഞ്ചാംപീടിക ബ്രാഞ്ചില്‍ പാര്‍ട്ടി സമ്മേളനം നടത്താന്‍ കഴിയാഞ്ഞത് വലിയ തിരിച്ചടിയായാണ് പാര്‍ട്ടി കരുതുന്നത്. സംസ്ഥാനമൊട്ടുക്കും ഇപ്പോള്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയുടെ ബ്രാഞ്ചില്‍ സമ്മേളനം കൂടാന്‍ കഴിയാതെ പോയത് വലിയ പോരായ്മയായിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറി എംവി ജയരാജനും നേരിട്ട് ഇടപെട്ടിട്ട് പോലും സമ്മേളനത്തിനെത്താന്‍ പ്രതിനിധികള്‍ വിസമ്മതിച്ചാണ് പാര്‍ട്ടിയില്‍ അമ്പരപ്പുണ്ടാക്കിയത്. ഈ എതിര്‍പ്പ് കണ്ണൂര്‍ ജില്ലയിലെ മറ്റു ബ്രാഞ്ചുകളിലും ആവര്‍ത്തിച്ചേക്കാമെന്ന സൂചനയും പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.
പിണറായി വിജയനോട് വ്യക്തിപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. പി ജയരാജനോട് അനുഭാവം പുലര്‍ത്തുന്ന വിഭാഗം പാര്‍ട്ടി സമ്മേളനങ്ങളി്ല് നിന്നും വിട്ടുനില്‍ക്കാനുള്ള സാധ്യത കാണുന്നുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു.അത് തടയാനുളള ശ്രമങ്ങള്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും അതൊന്നും പര്യാപ്തമായില്ല. തങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്താണ് വിഭാഗീയതയുടെ കനലുകള്‍ എന്ന് സംസ്ഥാന നേതൃത്വത്തിന് മനസിലായി.
പാര്‍ട്ടിഗ്രാമങ്ങളിലെ ബ്രാഞ്ചുകളില്‍ പോലും പ്രതിനിധികള്‍ ഇല്ലാത്തത് നേതൃത്വത്തെ അമ്പരിപ്പിച്ചു. പലയിടങ്ങളിലും ഉച്ചക്ക് തന്നെ സമ്മേളനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. നേരത്തെ സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും അര്‍ധരാത്രി വരെ നീളുമായിരുന്നു. എന്നാല്പലയിടത്തും പ്രതിനിധികള്‍ ഇല്ലാത്തത് മൂലം സമ്മേളനം വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലെത്തി. കണ്ണൂരില്‍ ഇത്തരത്തില്‍ സംഭവിക്കുന്നതാണ് ചരിത്രത്തിലാദ്യമാണ്.പലയിടത്തും ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും കടുത്ത വിമര്‍ശനമാണുണ്ടാകുന്നത്. സിപിഎം സ്വതന്ത്രനായ പിവി അന്‍വറിന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണയേറുന്നത് അത്ര ശുഭസൂചനയല്ലന്ന് പാര്‍ട്ടി നേതൃത്വം മനസിലാക്കുന്നുമുണ്ട്.
പ്രാദേശികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടിയംഗങ്ങള്‍ സമ്മേളനങ്ങളില്‍ നിന്നും വിട്ടു നില്ക്കുന്ന പ്രവണതയും സംസ്ഥാന നേതൃത്വത്തെ അമ്പരിപ്പിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പാര്‍ട്ടി നിര്‍ദേശങ്ങള്‍ പോലും അംഗങ്ങള്‍ അനുസരിക്കുന്നില്ലന്നത് വലിയ തലവേദനയാണ് പാര്‍ട്ടിക്കുണ്ടാക്കുന്നത്.ചര്‍ച്ചക്ക് വിളിച്ചാല്‍ പ്രതിനിധികള്‍ എത്താത്തതും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ പോലെ പാര്‍ട്ടി സംഘടന എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന ഒരു ജില്ലയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് പോലും പ്രതിനിധികളെ കിട്ടാത്തത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമാണ്.
കണ്ണൂരിലെ ഈ പ്രതിഭാസം മറ്റു ജില്ലകളിലും ഇതിനെക്കാള്‍ ശക്തിയില്‍ ആവര്‍ത്തിക്കുമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. തൃശൂര്‍. പ്ത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തുടങ്ങിയ ജില്ലകളില്‍ വിഭാഗീയത അതിന്റെ പാരമ്യത്തിലാണ്. അവിടെയും വിഭാഗീയത ശക്തമായ മേഖലകളിലെ ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ പങ്കെടുക്കാതിരിക്കാനും സമ്മേളനം നടക്കാതിരിക്കാനുമുള്ള സാധ്യത വളരെ അധികമുണ്ടെന്ന് പാർട്ടി നേതൃത്വം മനസിലാക്കുന്നുണ്ട്. എന്നാല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചത് മൂലം ഇനി അത് അവസാനിച്ച് പുതിയ കമ്മിറ്റികൾ വരാതെ ഒരു തിരുത്തല്‍ നടപടിയും സാധ്യമാകില്ല എന്നതാണ് സിപിഎം നേരിടുന്ന പ്രധാന പ്രശ്നം