ഇടുക്കി: ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ താക്കീത് മാനിക്കാതെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. അടിമാലിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ഹൈക്കോടതിയെ വെല്ലുവിളിച്ചത്.
സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ച്പൂട്ടാന്‍ ഒരുശക്തിക്കും കഴിയില്ല. 1964 ലെ ഭൂ പതിവ് വിനിയോഗ ചട്ടം ഭേദഗതി ബില്‍ ഈ മാസം 14 ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. നിയമപരമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് തങ്ങള്‍ നിര്മാണവിലക്കിനെ നേരിടും. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്നെുമാണ് വര്‍ഗീസ് അടിമാലിയില്‍ പറഞ്ഞു. 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടില്‍ പട്ടിണി കിടക്കുമ്പോഴും അരി വാങ്ങിക്കാന്വെച്ച പൈസ നല്കി സഖാക്കള്‍ നിര്‍മിച്ച ഓഫീസുകളാണിതെന്നും വര്‍ഗീസ് പറഞ്ഞു.
ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ കോടതി ഉത്തരവിനെതിരെയോ ജില്ലാ കളക്ടര്‍, അമിക്കസ് ക്യൂറി എന്നിവര്‍ക്കെതിരെയോ സംസാരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി ഒരുദിവസം പിന്നിടുമ്പോഴാണ് വര്‍ഗീസിന്റെ പരസ്യപ്രസ്താവന. ഓഫീസ് നിര്‍മാണം തടഞ്ഞ ഉത്തരവിനെതിരായ പ്രസ്താവനകള്‍ നീതീനിര്വഹണത്തിനെതിരായ ഇടപെടലുകളായി കണക്കാക്കേണ്ടിവരുമെന്നും ഇത് ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
അതേസമയം, ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കാന്തല്ലൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.