കേരളത്തിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളിലാണ് സിപിഎം തികഞ്ഞ വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നത്. പാലക്കാടും ആലത്തൂരും. ഇവ രണ്ടും സിപിഎമ്മിന്റെ കോട്ടകളായാണ് പണ്ടേ അറിയപ്പെടുന്നത്. എന്നാല്‍ പ്രഗല്ഭരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് ഈ സീറ്റുകള്‍ പിടിച്ചെടുത്ത ചരിത്രവുമുണ്ട്. 1970ല്‍ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോല്‍ക്കുമെന്ന് പേടിച്ച് സാക്ഷാല്‍ എകെജി ഓടിയെത്തിയതും പാലക്കാട്ടേക്കായിരുന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ഇടതിന് ശക്തിയുളള പ്രദേശങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളും. കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേഖലയായിരുന്നു ഈ മണ്ഡലങ്ങൾ ഉള്‍ക്കൊളളുന്ന ഭൂവിഭാഗം. ആലത്തൂര്‍ മണ്ഡലത്തിന്റെ പേര് നേരത്തെ ഒറ്റപ്പാലമെന്നായിരുന്നു. രാഷ്ട്രപതിയായിരുന്ന കെആര്‍ നാരായണന് മൂന്ന് തവണ ജയിച്ച മണ്ഡലമാണ് ഒറ്റപ്പാലം. 1984,89,91 വര്‍ഷങ്ങളിലായിരുന്നു അത്. 1980ല്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലനും അതിന് മുമ്പ് 77 ല്‍ കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പുവും ഇവിടെ എംപിമാരായി. പാലക്കാട് ലോക്സഭാ സീറ്റും ഏറെക്കുറെ സിപിഎമ്മിന്റെ കുത്തക ആയിരുന്നു. എ സുന്നസാഹിബ്, വിഎസ് വിജയരാഘവന്, വികെ ശ്രീകണ്ഠന് എന്നിവര്‍ മാത്രമാണ് കഴിഞ്ഞ 54 വര്‍ഷത്തെ ചരിത്രത്തില്‍ പാലക്കാട് നിന്നും ജയിച്ചിട്ടുള്ള കോണ്‍ഗ്രസുകാർ.
ആലത്തൂരില്‍ രമ്യാ ഹരിദാസിനെതിരെ മന്ത്രി കെ രാധാകൃഷ്ണനും പാലക്കാട്ട് വികെ ശ്രീകണ്ഠനെതിരെ സിപിഎം പൊളിറ്റ്ബ്യുറോ അംഗം എ വിജയരാഘവനുമാണ് മല്‍സരിക്കുന്നത്. 2019ലെ രാഹുല്‍ ഗാന്ധി തരംഗത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളാണ് ഇവ രണ്ടുമെന്നും ഇത്തവണ അത്തരമൊരു തരംഗമില്ലാത്തത് കൊണ്ട് രണ്ട് സീറ്റുകളും കൈക്കലാക്കാമെന്നുമാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. രമ്യയും ശ്രീകണ്ഠനും കോണ്‍ഗ്രസിന്റെ നേതൃനിരയിലെ വന്തോക്കുകളല്ല. അതു കൊണ്ട് മികച്ച നേതാക്കളെ ഇറക്കി മണ്ഡലങ്ങള്‍ പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. മന്ത്രി കെ രാധാകൃഷ്ണന് നല്ല പ്രതിഛായയുള്ളയാളാണ്. എ വിജയരാഘവനാകട്ടെ നേരത്തെ ഇവിടെ നിന്നും ജയിച്ചയാളും സിപിഎം നേതൃനിരയിലെ ഉന്നതനുമാണ്. വിജയം അനായാസം എന്ന മട്ടിലാണ് ഇടതു മുന്നണിയുടെ ഇലക്ഷൻ പ്രചാരണം മുന്നേറുന്നത്.
കോണ്‍ഗ്രസില്‍ കൂടുതല്‍ പടലപ്പിണക്കങ്ങളുളള ജില്ലയാണ് പാലക്കാട്. സതീശന് പാച്ചേനിയെപ്പോലൊരു നിസ്വാർത്ഥനെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ കാലുവാരി നിസാരവോട്ടുകള്‍ക്ക് തോല്‍പ്പിച്ചവരാണ് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎം വിജയപ്രതീക്ഷ വെക്കുന്നത് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളില്ക്കൂടിയാണ്. പാലക്കാട്ടെ പ്രധാനിയായ എവി ഗോപിനാഥ് പാർട്ടി വിട്ടത് കോൺഗ്രസ്സിന് വലിയ തിരിച്ചടിയാകുമെന്ന് സിപിഎം കരുതുന്നു.
ആലത്തൂരിൽ രാധാകൃഷ്ണന്റെ വിജയം ഉറപ്പെന്ന് കരുതിയിരിക്കുകയാണ് സിപിഎം. എന്നാല്‍ ഈയിടെ നടത്തിയ ചില സര്‍വ്വേ ഫലങ്ങള്‍ ആലത്തൂരിലും പാലക്കാട്ടും യുഡിഎഫിന് വിജയം പ്രവചിക്കുന്നത് സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. ഈ രണ്ട് സീറ്റുകൾ കൂടി കൈവിട്ടാല്‍ പിന്നെ കേരളത്തിൽ നിന്ന് എൽഡിഎഫ് ലോക്സഭാംഗം ഉണ്ടായേക്കില്ലന്ന ഭീതിയാണ് സിപിഎം നേതൃത്വത്തിനുളളത്. മാത്രമല്ല കഴിഞ്ഞ തവണ സിപിഎമ്മിന് രണ്ട് എംപിമാർ ഉണ്ടായിരുന്ന തമിഴ്നാട്ടില്‍ ഇത്തവണ സിപിഎം സ്ഥാനാർത്ഥികൾ ജയിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് കേരളത്തിലെ ജയങ്ങൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതീവ നീര്ണ്ണായകമാണ്. എന്തുവില കൊടുത്തും കേരളത്തിൽ പരമാവധി സീറ്റുകളിൽ വിജയിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആലത്തൂരും പാലക്കാടുമൊഴികെയുള്ള മറ്റ് മണ്ഡലങ്ങളിലെ സിറ്റിംഗ് എംപിമാര്‍ ഉൾപ്പെടെയുള്ള ഐക്യമുന്നണി സ്ഥാനാർത്ഥികൾ താരതമ്യേന കരുത്തരാണ്. അവരെ തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് പാര്‍ട്ടി മനസിലാക്കിയിട്ടുണ്ട്.
ആലത്തൂരിന്റെയും പാലക്കാടിന്റെ കാര്യത്തില്‍ സിപിഎമ്മിനുള്ള പ്രത്യേക കരുതല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉദ്ദേശിച്ചുള്ളതാണ്. ഈ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ അസംബ്ലി സീറ്റുകളിൽ പാലക്കാട് മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ചത്. ഇത്തവണ ആലത്തൂരും പാലക്കാട്ടും എൽഡിഎഫ് ജയിച്ചില്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്തുനിന്ന് നിന്നും കൂടുതൽ കോണ്‍ഗ്രസ് എംഎൽഎമാർ ഉണ്ടാകുമെന്നും സിപിഎം ആശങ്കപ്പെടുന്നു.