ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.വിദഗ്ധ ഡോക്ടർമാരുടെ സംഘം സീതാറാം യെച്ചൂരിയെ നിരീക്ഷിച്ചു വരികയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ എത്തി സന്ദർശിക്കും. ശ്വാസകോശ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി രണ്ടുദിവസം മുൻപ് സിപിഎം അറിയിച്ചിരുന്നു.