ബിജെപിയുടെ കെണിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് തല വെച്ചുകൊടുത്തത് അറിഞ്ഞോ അറിയാതെയോ? കഴിഞ്ഞ ഒരാഴ്ചയായി ബിജെപി നേതൃത്വം കേരളത്തില്‍ കളികള്‍ മാറ്റിക്കളിക്കുകയാണെന്ന് വ്യക്തമായിരുന്നു. അനില്‍ ആന്റണിക്കെതിരെ എന്ന രീതിയില്‍ തുടങ്ങിയ കളി ഇപി ജയരാജനില്‍ അവസാനിച്ചത് കേവലം യാദൃശ്ചികമെന്ന് കരുതുക വയ്യ. കളിയുടെ ഒടുക്കം ജയരാജനിലേക്കെത്തിക്കണമെന്ന് ഉറപ്പിച്ചിരുന്ന പോലെയാണ് തോന്നുക. സംഗതികള്‍ ക്ളൈമാക്സിലേക്ക് നീങ്ങുകയാണ്. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവേദ്കര് എന്തിനാണ് ഇടതുമുന്നണി കണ്‍വീനറും സീനിയര്‍ നേതാവുമായ ഇപി ജയരാജനെ കണ്ടതെന്ന് വരും ദിവസങ്ങളില്‍ സിപിഎം വ്യക്തമാക്കേണ്ടി വരും. പിണറായി വിജയന് ഇക്കാര്യത്തില്‍ ജയരാജനോട് കടുത്ത അതൃപ്തിയുണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം സിപിഎമ്മില്‍ നിന്ന് തന്നെ ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ തനിക്കെതിരെ നടപടി വന്നാല്‍ ജയരാജന് എങ്ങനെ പ്രതികരിക്കുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് കടുത്ത രോഷത്തിലായിരുന്നു ഇപി ജയരാജന്. പിണറായി കഴിഞ്ഞാല്‍ കണ്ണൂരിലെ രണ്ടാമനായ ഇപിയെ സംബന്ധിച്ചിടത്തോളം മല്‍സരിക്കാന്‍ അവസരം നൽകാതിരുന്നത് തന്റെ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് തുല്യമായിരുന്നു. ഇതോടെ അദ്ദേഹം പിണറായിയില്‍ നിന്നും അകന്നു. ഇന്ന് വോട്ടെടുപ്പ് ദിവസത്തെ തുറന്നുപറച്ചില്‍ പെട്ടെന്നുണ്ടായതല്ല. അളന്നുതൂക്കി കൃത്യമായി ജയരാജന് നിര്‍വ്വഹിച്ചതാണ്. സിപിഎം സമീപകാലത്തില്ലാത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നതും. ജയരാജനെ മുന്നില്‍ നിര്‍ത്തി സിപിഎമ്മിനെ നിരായുധമാക്കാനുള്ള തന്ത്രമാണ് ബിജെപി പ്രയോഗിക്കുന്നത്. എന്നുവച്ചാല്‍ കേരളത്തില്‍ രണ്ടു പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ ബിജെപി ആഗ്രഹിച്ചു. ഇപി ജയരാജനിലൂടെ ആ ആഗ്രഹം അവര്‍ നിറവേറ്റുകയും ചെയ്തു.
തന്നെക്കാള്‍ ജൂനിയറായ എംവി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമായതോടെ താന്‍ തഴയപ്പെട്ടുവെന്ന ചിന്തയിലായി ഇപി ജയരാജന്. എംവി ഗോവിന്ദന് നയിച്ച ജനകീയപ്രതിരോധയാത്രയില് പങ്കുചേരാതെ ദല്ലാള്‍ നന്ദകുമാറിന്റെ കുടുംബ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കാനും ഇപി ധൈര്യം കാണിച്ചു. നന്ദകുമാറിന്റെ അമ്മയെ പൊന്നാടയണിയിക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായപ്പോള്‍ പിണറായി ഇടപെട്ട് കടുത്ത ശാസന നല്‍കിയതോടെയാണ് ഒടുവില്‍ തൃശൂരിലെത്തി ജനകീയപ്രതിരോധയാത്രയില് പേരിനെങ്കിലും തലകാണിച്ചത്. നന്ദകുമാറിന്റെ വീട്ടിലെത്തിയ ദിവസം തന്നെ അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ ജയരാജന് ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്നാണ് ശോഭാ സുരേന്ദ്രന് ആരോപിച്ചതും. പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നടത്തിയ പ്രകാശ് ജാവഡേക്കറുമായി ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ജയരാജന് മകന്റെ ഫ്ളാറ്റില്‍ കൂടിക്കാഴ്ച നടത്തിയതെന്തിന് എന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും ശരിക്ക് കഷ്ടപ്പെടും.
ദല്ലാള്‍ നന്ദകുമാര്‍ ലാവ്ലിന് കേസിന്റെ കാര്യം വാർത്താസമ്മേളനത്തില്‍ പരാമർശിച്ചത് പിണറായി വിജയനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ഇതിലും ജയരാജന്റെ പങ്ക് പിണറായി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഇപി ജയരാജനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി മുന്നോട്ടുപോകാനുള്ള നീക്കമാണ് പിണറായി നടത്തുക. ഭാര്യാസഹോദരിയും കേന്ദ്രകമ്മറ്റിയംഗവുമായ പികെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കണമെന്ന് മന്ത്രിയുടെ ലെറ്റര്‍ഹെഡ്ഡില്‍ എഴുതിക്കൊടുത്തതിനെത്തുടർന്നാണ് അദ്ദേഹത്തിന് കുറച്ചു കാലം പിണറായി മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഈ പ്രതിസന്ധിയിൽ പിണറായി തന്നെ സംരക്ഷിച്ചില്ലെന്ന് ഇപി ജയരാജന് ധരിച്ചു. പിന്നീട് മന്ത്രിസ്ഥാനം തിരികെ ലഭിച്ചെങ്കിലും രാഷ്ട്രീയമായി ഇപി ഒതുങ്ങിപ്പോയി. പിണറായിക്ക് ശേഷം പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഇപി ജയരാജന് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി ഒരുങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
എന്നാൽ ഇപിയെ പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്നും എടുത്തു കളയാന്‍ പിണറായിക്കും ഭയമുണ്ട്. കാരണം പിണറായി കഴിഞ്ഞാല്‍ കണ്ണൂര്‍ മേഖലയിലെ ഏറ്റവും ശക്തനാണ് ഇപി. മാത്രമല്ല പാര്‍ട്ടിക്ക് വലിയ തോതില്‍ ഫണ്ടുണ്ടാക്കിക്കൊടുത്ത നേതാവുമാണ്. അക്കാര്യങ്ങളെല്ലാം പൊതുജനമധ്യത്തില്‍ ചര്‍ച്ചയാക്കുന്നത് പൊതുവിൽ പാർട്ടിക്കും വ്യക്തിപരമായി തങ്ങൾക്കും നല്ലതല്ലെന്ന് പിണറായിയും ഗോവിന്ദനും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ഇപി ജയരാജന്റെ കാര്യത്തില്‍ കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് സിപിഎം.