ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സിപിഎം. നിലവിൽ രാജസ്ഥാനിൽ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.സിറ്റിംഗ് സീറ്റുകളായ ഹനുമൻഗഢ് ജില്ലയിലെ ഭദ്രയിൽ ബൽവൻ പുനിയ, ബിക്കാനീറിലെ ദുംഗർഗഢിൽ ഗിർദാരിലാൽ മഹിയയും നാമനിർദേശ പത്രിക നൽകി. പ്രകടനങ്ങളോടെ എത്തിയാണ് വിവിധയിടങ്ങളിൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്.
പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം സിക്കർ ജില്ലയിലെ ദത്താരംഗഢിൽ പത്രിക സമർപ്പിച്ചു. മുൻ എംഎൽഎയായിരുന്ന പേമാ റാം സിക്കറിലെ ദോഢിലാണ് ജനവിധി തേടുന്നത്. പാർട്ടി മത്സരിക്കാത്ത മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി അമ്രാ റാം പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിൽ 45,000ത്തിനടുത്ത് വോട്ടുകളുണ്ടെന്നും സിപിഎം രാജസ്ഥാൻ നേതൃത്വം അവകാശപ്പെട്ടു. ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ പരിശ്രമം. ഇരുപാർട്ടികളും പ്രചരണങ്ങൾ ശക്തമാക്കി മുന്നോട്ട് പോകുകയാണ്. രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബർ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.