ഡ്രൈഡേ ഒഴിവാക്കാന്‍ ബാറുടമകള്‍ക്കിടയില്‍ നടത്തിയ പണപ്പിരിവിന്റെ പേരിലുള്ള വിവാദം അടങ്ങിയെന്ന് സമാധാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് പി.എസ്.സി അംഗ്വത്വക്കോഴ വിവാദം പൊങ്ങിവരുന്നത്. ബാര്‍ പണപ്പിരിവ് വിവാദം പോലെ തന്നെ മന്ത്രി മുഹമ്മദ് റിയാസിനെ ചുറ്റിപ്പറ്റിയാണ് ഈ വിവാദം കൊഴുക്കുന്നത്. അതുകൊണ്ട് ഡ്രൈഡേ പണപ്പിരിവ് വിവാദം അവസാനിപ്പിച്ചതിനെക്കാള് വേഗത്തില്‍ പി.എസ്.സി കോഴ വിവാദം തീര്‍പ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സിപിഎം നേതൃത്വം.
ആരോപണവിധേയനായ സിഐടിയു ജില്ലാ സെക്രട്ടറി പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനാണ് നീക്കം. മന്ത്രി മുഹമ്മദ് റിയാസിന്റെ അയല്‍വാസി കൂടിയാണിദ്ദേഹം. പിഎസ്സി അംഗമാക്കാമെന്ന വാഗ്ദാനം ചെയ്തു ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 60 ലക്ഷം കോഴ ആവശ്യപ്പെടുകയും, അതില്‍ 22 ലക്ഷം രൂപാ കൈപ്പറ്റുകയും ചെയ്തുവെന്നാണ് പ്രമോദിനെതിരെയുള്ള ആരോപണം. മന്ത്രി മുഹമ്മദ്റിയാസ് വഴി പിഎസ് സി അംഗത്വം സംഘടിപ്പിച്ചുനല്കാമെന്നാണ് വാഗ്ദാനം നല്‍കിയിരുന്നത്.
സംഭവം പാര്‍ട്ടിക്കുള്ളില്‍ തന്നെ അവസാനിപ്പിക്കാനാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ഈ വിവാദം നീണ്ടുപോയാല്‍ മറ്റു പലതും പുറത്തുവരുമെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിന് നന്നായുണ്ട് . പാര്‍ട്ടിയുടെ പലതലങ്ങളിലായി വലിയ തോതിലുള്ള പണമിടപാടുകള്‍ നടന്നിരുന്നെന്നും അതെല്ലാം പുറത്തുവരാന്‍ സാധ്യതയുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ വിവാദം പെട്ടെന്ന് തന്നെ അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. കോഴി്ക്കോട് ജില്ലാ കമ്മിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു കോക്കസാണ് ഇത്തരം ഇടപാടുകള്‍ നടത്തുന്നതെന്നും അത് പാര്‍ട്ടിക്കു വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും പലനേതാക്കള്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ ജില്ലാ സെക്രട്ടറി പി മോഹനന്, മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ മിണ്ടാന്‍ പാർട്ടിക്കുള്ളില്‍ ഒരു നേതാവിനും കഴിയില്ലന്നതാണ് സത്യം.
തട്ടിപ്പുകാരെക്കുറിച്ച് അന്വേഷിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പാര്ട്ടിയോടാവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത നടപടി തന്നെ ഇത്തരക്കാര്‍ക്കെതിരെ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി പരാതികള്‍ വിവിധ ജില്ലകളില്‍ നിന്നുയരുന്നുണ്ടെന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് അറിയാം. എന്നാല്‍ ഇതൊന്നും പുറത്തറിയാതെ അതാതിടത്തെ പാര്‍ട്ടി നേതൃത്വങ്ങള്‍ ഒതുക്കുകയായിരുന്നു. പിഎസ് സി അംഗമാകുന്നതിനിനായി പണം നല്കിയ കേസ് പുറത്ത് വന്നത് പോലും നേതൃത്വത്തിലെ ചിലര്‍ തമ്മിലുള്ള ചേരിപ്പോര് കാരണമായിരുന്നു എന്നാണ് അറിയുന്നത്. പിഎസ് സി മെമ്പര്‍ സ്ഥാനം ലഭിച്ചില്ലങ്കില്‍ ആയുഷ് വകുപ്പില്‍ ഉന്നത സ്ഥാനം നല്‍കാമെന്ന് പരിഹാര നിര്‍ദേശം നടപ്പാകാത്തതാണ് പണം നല്‍കിയവരെ പ്രകോപിപ്പിച്ചത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പല നേതാക്കളും പലയിടത്തും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്ന് അദ്ദേഹം പാര്ട്ടിയോടാവശ്യപ്പെട്ടതെന്നറിയുന്നു. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ നിരവധി ഇടപാടുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും ചെയ്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാകട്ടെ കടുത്ത നിലപാട് ഇക്കാര്യത്തില്‍ വേണമെന്ന പക്ഷക്കാരനാണ്. ഡ്രൈഡേ ഒഴിവാക്കാനുള്ള പണപ്പിരിവില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരുന്നത് കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃ്ഷ്ണന്റെ മകന് ബാര്‍ മുതലാളിമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ അഡ്മിന് ആയതുകൊണ്ടാണ്. ആ ഗ്രൂുപ്പിലാണ് പണപ്പിരിവുമായി ബന്ധപ്പെട്ട സന്ദേശം വന്നത്. അതുകൊണ്ട് യുഡിഎഫും പ്രതിപക്ഷവും ബാറിന്റെ കാര്യത്തില്‍ പതിയെ പിന്മാറി.ഇതോടെയാണ് ആ വിവാദം അടങ്ങിയത്.
എന്നാല്‍ പിഎസ് സി അംഗമാക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ നല്‍കിയെന്ന ആരോപണം അങ്ങനെയല്ല, അത് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവന്നതാണ്. പണം നല്കിയവര് പാര്‍ട്ടിക്ക് നല്കിയ പരാതിയുമുണ്ട്. പണം തിരിച്ചുകിട്ടിയില്ലങ്കില് നിയമത്തിന്റെ വഴി തേടുമെന്ന് അവര്‍ പാര്‍ട്ടി നേതൃത്വത്തേട് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് എത്രപെട്ടെന്നു ഈ പ്രശ്നം പരിഹരിക്കാനാണ് നീക്കം. പണം കൊടുത്തവര്‍ നിയമത്തിന്റെ വഴിക്ക് നീങ്ങിയാല്‍ പാര്‍ട്ടി നേതാക്കളില്‍ പലരും പെടും. അതുകൊണ്ട് ഇപ്പോള്‍ പേര് പുറത്ത് വന്ന ഒരു നേതാവിന്റെ തലയില്‍ കുറ്റമെല്ലാം ചാര്‍ത്തി നടപടിയെടുത്ത് തടി രക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.