തിരുവനന്തപുരം : വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തെ തള്ളി സിപിഐഎം. ദേശാഭിമാനി ദിനപ്പത്രത്തിൽ ആർക്കുവേണ്ടിയാണ് ഈ സമരനാടകം എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ്, സിഐടിയു ദേശീയ സെക്രട്ടറിയും സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ എളമരം കരീം ആശ വർക്കർമാരുടെ സമരത്തെ തള്ളിപ്പറഞ്ഞത്.
ഏതാനും ‘ആശ’ വർക്കർമാരെ വ്യാമോഹിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ സർക്കാരിനെതിരെ സമരം നടത്തുകയാണെന്ന് കരീം ലേഖനത്തിൽ ആരോപിക്കുന്നു. വർഷങ്ങൾക്കുമുമ്പ് മൂന്നാറിലെ ടാറ്റ ടി എസ്റ്റേറ്റിലെ ഒരു വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ‘പൊമ്പിളെ ഒരുമൈ’ എന്ന പേരിൽ നടത്തിയ സമരത്തിന്റെ തനിയാവർത്തനമാണിത്. ചില അരാജക സംഘടനകൾ ഏതാനും ആശാവർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരം.
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന സ്കീം കേന്ദ്രസർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ 2005ലാണ് ആരംഭിച്ചത്. സന്നദ്ധപ്രവർത്തകരായാണ് ഇവരെ കണക്കാക്കേണ്ടതെന്നാണ് എൻഎച്ച്എം വ്യവസ്ഥ. ഈ കാരണങ്ങളാൽ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. സംസ്ഥാന സർക്കാർ നിയമാനുസൃതം നിയമിക്കുന്നവർക്കു മാത്രമേ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാൻ കഴിയൂ.
പിഎസ്സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ഉള്ള നിയമനങ്ങളിൽ മാത്രമേ നിയമാനുസൃത വേതനം നൽകാൻ സംസ്ഥാനത്തിന് സാധിക്കൂ. കേന്ദ്രം തീരുമാനിച്ച ആശാ സ്കീം അന്ന് കേരളം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. 2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കെണിയിലകപ്പെട്ട ആശാവർക്കർമാരാണ് സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തുന്നത് എന്നും എളമരം കരീം ആരോപിച്ചു.