കണ്ണൂരിൽ ബോംബ് രാഷ്ട്രീയത്തിന് ശമനമായിട്ടില്ലെന്ന് കഴിഞ്ഞദിവസത്തെ ബോംബ് സ്ഫോടനത്തോടെ വ്യക്തമായി. പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയാല്‍ എല്ലാം ശാന്തമാകും എന്നാണ് പിണറായി വിജയന് പാർട്ടിയിൽ വിശദീകരിച്ചത്. അത് ഏതാണ്ടൊക്കെ ശരിയായ വിലയിരുത്തലുമായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജൻ വടകരയിൽ തോറ്റതോടെ കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് അല്‍പ്പം കുറവുണ്ടായിരുന്നു. പിണറായി ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അതായത് 2016-18 കാലത്ത് കണ്ണൂരില്‍ നിരവധി യൂത്ത് കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരും കൊല്ലപ്പെട്ടതോടെ പിണറായിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഇനി ആര്‍എസ്എസുകാരെ ആക്രമിച്ചാൽ പിണറായിക്ക് കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ആര്‍എസ്എസ് നേതൃത്വം മുന്നറിയിപ്പ് നല്കി. അതോടെ ആർഎസ്എസുമായി പിണറായി ഒത്തുതീർപ്പിന് തയ്യാറായെന്ന് അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയാണത്രേ കണ്ണൂർ മേഖലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞത്.
ഏതായാലും കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി കണ്ണൂരില്‍ നിന്ന് അധികം രാഷ്ട്രീയ ഏറ്റുമുട്ടലുകളോ ബോംബ് സ്ഫോടനങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സ്വന്തം ജില്ലയായത് കൊണ്ട് അവിടെ അക്രമങ്ങള്‍ നടക്കാന്‍ പാടില്ലെന്ന് പിണറായി വിജയന് നിര്‍ബന്ധമുണ്ടായിരുന്നു എന്നത് സത്യമാണ്. മികച്ച പൊലീസ് ഉദ്യോഗസ്ഥരെ അവിടെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ പിടിവിട്ടു പോകുന്ന അവസ്ഥയാണ്. ഇന്നലെ ബോംബ് പൊട്ടി ഒരാള്‍ മരിച്ച പാനൂര്‍, വടകര ലോക്സഭാ മണ്ഡലത്തിലാണ്. സിപിഎം കടുത്ത മത്സരം നേരിടുകയാണ് ഇവിടെ. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടവും വടകരയിലാണ്. ഇത്തവണ ഈ സീറ്റ് തിരിച്ചുപിടിക്കാനാണ് കെകെ ശൈലജയെ രംഗത്തിറക്കിയത്. തെരെഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഈ പ്രദേശങ്ങളില്‍ വ്യാപകമായ ബോംബ് നിര്‍മ്മാണം നടക്കുന്നുവെന്നതിന്റെ തെളിവ് പുറത്ത് വരുന്നത്.
ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലന്ന സ്ഥിരം പ്രസ്താവന പാര്‍ട്ടി പുറപ്പെടുവിച്ചു കഴിഞ്ഞു. വടകരയിലെ കൂത്തുപറമ്പ് അസംബ്ളി മണ്ഡലത്തിലാണ് പാനൂര്‍. നിരവധി രാഷ്ട്രീയ സംഘട്ടനങ്ങളാൽ കുപ്രസിദ്ധമാണ് തലശേരി, പാനൂര്‍ പ്രദേശങ്ങള്‍. ജനതാദള്‍ നേതാവും മുന്‍ മന്ത്രിയുമായ കെപി മോഹനനാണ് പാനൂരിലെ എംഎല്‍എ. ഈ മേഖലയിൽ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് തുടക്കമിട്ടവരില്‍ ഒരാള്‍ കെപി മോഹനന്റെ പിതാവായ പി ആര് കുറപ്പാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും ഒക്കെ പണ്ടേ ആരോപിക്കാറുമുണ്ട്. എന്നാല്‍ എഴുപതുകള്‍ക്ക് ശേഷം തുടർച്ചയായ സിപിഎം-ആര്‍എസ്എസ് സംഘട്ടനങ്ങള്‍ക്ക് പാനൂര്‍ വേദിയായി. ആര്‍എസ്എസിന്റേയും സിപിഎമ്മിന്റേയും പാര്‍ട്ടി ഗ്രാമങ്ങളും ഈ പ്രദേശങ്ങളിലുണ്ട്.
തെരഞ്ഞെടുപ്പിന്റെ സമയത്തുണ്ടായ ബോംബ് സ്ഫോടനവും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റുളളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ പ്രശ്നബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്‍സ് തയ്യാറാക്കും. ഈ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്യും. സംസ്ഥാന ഇന്റലിജന്‍സ് എന്നാല്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ കീഴിലുള്ളതാണ്. വ്യാപകമായ രീതിയില്‍ ഈ പ്രദേശങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെങ്കിൽ ആ വിവരങ്ങള്‍ കൃത്യമായി ഇന്റലിജന്‍സിന് കിട്ടിയിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ആ സാഹചര്യത്തിൽ ഈ പ്രദേശങ്ങളില്‍ പൊലീസ് വ്യാപക റെയ്ഡുകള്‍ നടത്തേണ്ടതുമാണ്. എന്നാല്‍ ഇവിടങ്ങളിൽ പൊലീസിന്റെ യാതൊരു പരിശോധനയും ഉണ്ടായില്ലെന്നതാണ് വാസ്തവം. അതിനർത്ഥം കണ്ണൂരില്‍ ബോംബ് രാഷ്ട്രീയത്തിന്റെ കൂമ്പ് വാടരുത് എന്നാഗ്രഹിക്കുന്നവരുണ്ടെന്നാണ്.
അവരെ നിയന്ത്രിക്കാന്‍ പൊലീസിനോ രഹസ്യന്വേഷണ വിഭാഗത്തിനോ നിർദ്ദേശവുമില്ല. പൊലീസും രഹസ്യാന്വേഷണ വിഭാഗവും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലായിരിക്കുമ്പോള്‍ എവിടെയാണ് പിഴവ് സംഭവിച്ചതെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ഈ തെരെഞ്ഞെടുപ്പില്‍ കണ്ണൂര്‍- വടകര മണ്ഡലങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ക്ക് ആരെങ്കിലും തയ്യാറെടുത്തിരുന്നോ? അതിന്റെ ഭാഗമായാണോ ബോംബുകള്‍ ഉണ്ടാക്കിയത്? മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയനാണ്. ഏതായാലും ഭരണകക്ഷിയെയും സര്‍ക്കാരിനേയും ഈ സ്ഫോടനങ്ങള്‍ പ്രതിക്കൂട്ടിലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല