ഡല്‍ഹിയില്‍ ജുണ് 28നാരംഭിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയോഗം കേരളത്തിലെ പാര്‍ട്ടിക്കേറ്റ പരാജയം വിപുലമായി ചര്‍ച്ച ചെയ്യുമെന്നൊക്കെ സൂചനകളുണ്ടായെങ്കിലും കാര്യമായി ഒരു ചര്‍ച്ചയും നടക്കാതെ പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനില്‍ മാത്രമായി കെട്ടിവച്ചു കൈകഴുകുന്നതില്‍ അര്‍ത്ഥമില്ലന്നും ബംഗാളില്‍ അടക്കം പഴയ സിപിഎം ശക്തികേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടി വലിയ പരാജയം നേരിട്ടുവെന്നുമാണ് സിപിഎം വിലയിരുത്തല്‍.
കേന്ദ്ര കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമര്ശനങ്ങളുണ്ടാകുമെന്ന് ചിലരൊക്കെ കരുതിയിരുന്നെങ്കിലും കേരളത്തിലെ പരാജയത്തെക്കുറിച്ച് പൊതുവായ ചര്‍ച്ചകളല്ലാതെ മറ്റൊന്നും നടന്നില്ലന്നാണ് വ്യക്തമാകുന്നത്.അതേ സമയം ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന സൂചന കേരളത്തിലെ സിപിഎം നേതാക്കള്‍ നല്‍കിയിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവേദ്കറെ ഇപിജയരാജന് കണ്ടതും, തെരെഞ്ഞെടുപ്പിന്റെ തലേന്ന് അതു വെളിപ്പെടുത്തിയതും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജനെതിരെ എന്ത് നടപടി വേണമെന്ന് ചില നേതാക്കള്‍ കേ്ന്ദ്രക്കമ്മിറ്റിയില് ആവശ്യപ്പെടുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ഭൂരിപക്ഷംപേരും. ഇപിക്കെതിരെ നടപടി വന്നാല്‍ അത് വിശദീകരിക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഇപി അതിനെതിരെ പ്രതികരിക്കാനിറങ്ങിയാല്‍ അത് പാര്‍ട്ടിക്ക് രാഷ്ട്രീയമായി തന്നെ വലിയ തിരിച്ചടിയുണ്ടാക്കുമെന്നും സിപിഎം കരുതുന്നുണ്ട്. അതുകൊണ്ട് ഈ വിഷയവും ചര്‍ച്ച ചെയ്യുകയല്ലാതെ മറ്റൊന്നും തല്ക്കാലം വേണ്ടാ എന്ന നിലപാടിലാണ് ആദ്യ ദിവസം തന്നെ കേന്ദ്രക്കമ്മിറ്റിയോഗമെത്തിയതെന്നാണ് സൂചന. ലോക്സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടര്‍ന്ന് സിപിഎമ്മില്‍ ചില തിരുത്തലുകള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസം പാര്ട്ടിക്കുണ്ടാക്കുമെന്നാണ് കരുതുന്നത്.
പിണറായി വിജയന് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ്.പരാജയത്തിന്റെ ഭാരം മുഴുവന്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവുമില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ കടുത്ത പിണറായി വിരുദ്ധനായ സീതാറാം യെച്ചൂരിയാകട്ടെ ഇതിലൊന്നും അഭിപ്രായം പറഞ്ഞുമില്ല. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തനിക്ക് സ്ഥാനം ഒഴിയേണ്ടി വരുമെന്ന് യെച്ചൂരിക്കറിയാം എന്നത് കൊണ്ട് കൂടി കൂടുതല്‍ പുലിവാല് പിടിക്കാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നില്ല. അതേ സമയം പിണറായിക്കെതിരായുള്ള വിമര്‍ശനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും അതിന് പാര്‍ട്ടിയില്‍ അത്ര പിന്തുണ കിട്ടുന്നില്ലന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം പിണറായിക്കെതിരെ ഉണ്ടായെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ കാര്യമായ വിമര്‍ശനമുണ്ടായില്ല എന്നാണ് സൂചന. വിമര്‍ശനവും തിരുത്തലുമെല്ലാം സംസ്ഥാനത്ത് മതിയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. അതുകൊണ്ട് കേന്ദ്രക്കമ്മറ്റിയോഗം സാധാരണ രീതിയില്‍ തന്നെ അങ്ങവസാനിക്കട്ടെ എന്നാണ് നേതൃത്വം വിചാരിക്കുന്നത്. തെരെഞ്ഞെടുപ്പ് പരാജയമടക്കമുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു എന്ന് യെച്ചൂരി പത്രക്കാരോട് പറയും എന്നതില്‍ക്കൂടുതല്‍ ഒന്നുമുണ്ടാകില്ലന്ന് സാധാരണ പാര്‍ട്ടി സഖാക്കള്‍ക്ക് പോലും അറിയാം. സംസ്ഥാനകമ്മിറ്റിയിലുണ്ടായ പിണറായി വിമര്‍ശനങ്ങള്‍ ഒരു സേഫ്റ്റി വാല്വായിട്ടാണ് മുഖ്യമന്ത്രി തന്നെ കരുതുന്നത് . എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ കേന്ദ്ര തലത്തിലേക്ക് കൊണ്ടുപോയി ഒരു ചര്‍ച്ചയാക്കാന്‍ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
പിണറായിയെ പിണക്കിക്കൊണ്ട് അത്തരത്തിലൊരു നീക്കം നടത്താനുള്ള കഴിവോ പ്രാപ്തിയോ സീതാറാം യെച്ചൂരിയെന്ന അഖിലേന്ത്യാ സെക്രട്ടറിക്കുമില്ല. അതുകൊണ്ട് സിപിഎം കേന്ദ്രകമ്മിറ്റിയോഗം തുടങ്ങിയത് പോലെ തന്നെ അവസാനിക്കുകയാണ്. പിണറായിക്ക് കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലെ കേന്ദ്ര കമ്മിറ്റിയിലും നല്ല പിടിയുണ്ട്. തന്നെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച നടക്കണമെങ്കില്‍ അതിന് താന്‍ തന്നെ വിചാരിക്കണമെന്ന് പിണറായിക്കറിയാം. കാരണം ഇപ്പോള്‍ ഇന്ത്യയിലെ സിപിഎമ്മില്‍ പിണറായി എന്താഗ്രഹിക്കുന്നുവോ അതേ നടക്കു.