ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് അവസാനിക്കും. കോൺഗ്രസ്നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി നിന്നത് തിരിച്ചടിക്ക് കാരണമായെന്ന കേരള നിലപാട് അംഗീകരിക്കപ്പെട്ടില്ല. രാജസ്ഥാനിൽ വിജയിക്കാൻ കഴിഞ്ഞത് ഇൻഡ്യാ മുന്നണിയുടെ സഹായത്തോടെ ആണെന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾ വ്യക്തമാക്കി.
ഭരണ വിരുദ്ധ വികാരം മനസിലാക്കാൻ സംസ്ഥാന ഘടകത്തിനായില്ല. സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.ആഴത്തിലുള്ള പരിശോധന നടത്തി തെറ്റു തിരുത്തണം. ഇല്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പി.കെ. ശ്രീമതിയും ചർച്ചയിൽ പങ്കെടുത്തു. ഭരണവിരുദ്ധ വികാരമുണ്ടായെന്ന വാദം കെ.കെ. ശൈലജയും പിന്തുണച്ചു.
കോൺഗ്രസിനോട് ചേർന്നുള്ള ദേശീയ ലൈൻ തിരിച്ചടിക്കിടയാക്കിയെന്നാിരുന്നു യോഗത്തിൽ പി. രാജീവിന്റെ വാദം. കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുടെ ഭാഗമായതിനാൽ ജനങ്ങൾ ഒപ്പം നിന്നില്ലെന്നും രാജീവ് അറിയിച്ചു. കേരളത്തിന്റെ നിലപാടിനോട് വിയോജിച്ച ഉത്തരേന്ത്യൻ നേതാക്കൾ രാജസ്ഥാനിൽ പാർട്ടിക്ക് സീറ്റു നേടാനായത് ചൂണ്ടിക്കാട്ടി. ജനവിശ്വാസം തിരിച്ചു പിടിക്കാനുള്ള ശക്തമായ നടപടികൾ ഉണ്ടാകും എന്ന് സിപിഎം കേന്ദ്ര കമ്മറ്റി വ്യക്തമാക്കി. കേരളത്തിൽ അടക്കം അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ നടപടിയുണ്ടാകും. ഇതിനായി മാർഗരേഖ തയാറാക്കും എന്നും നേതാക്കൾ പറഞ്ഞു. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സമ്മേളനം ഒക്ടോബറിൽ തുടക്കമിടാൻ യോഗം തീരുമാനിച്ചു.