തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. വൻകിട പ്രോജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് തോമസ് ഐസക്കിന്റെ വിമർശനം.
‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്കാരവും: ഒരവലോകനം’ എന്ന തലക്കെട്ടില്‍ ‘ചിന്ത’ വാരികയില്‍ എഴുതിയ ലേഖനത്തിലാണ് സർക്കാർ സംവിധാനങ്ങളെക്കുറിച്ച് വിമർശമുന്നയിച്ചത്. ‘‘സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു. കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്.’’– തോമസ് ഐസക് എഴുതി.
വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂവെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കുന്നു. ഇടതുപക്ഷ സര്‍ക്കാരുകള്‍ പരിഷ്കരണത്തിന് ഓരോ ഘട്ടത്തിലും പരിശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാൽ വലതുപക്ഷ സര്‍ക്കാരുകള്‍ അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടിപ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്കരീതിയിൽ ഉൽപാദനക്ഷമതയും ഉൽപാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്ന വിമർശനവും ഐസക്ക് ഉയർത്തുന്നു. കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്ന വിർമശനവും പൊലീസിനെതിരെ അദ്ദേഹം ഉന്നയിച്ചു.