ന്യൂഡൽഹി : സിപിഎം കേന്ദ്രകമ്മിറ്റി അംഗം അമ്രാറാം രാജസ്ഥാനിലെ സിക്കറിൽനിന്ന് ജനവിധി തേടും. ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുക. പാർടി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റുമായ അമ്രാറാം 1993 മുതൽ 2013 വരെ നിയമസഭാംഗമായിരുന്നു.
ജനവിരുദ്ധമായ മൂന്നു കാർഷികനിയമങ്ങൾക്കെതിരെ ഒരുവർഷത്തിലേറെ നീണ്ട ഐതിഹാസികമായ കർഷകസമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും കിസാൻ സഭ ദേശീയ വൈസ് പ്രസിഡണ്ടുമായ അമ്രാറാം. മൂന്നുവട്ടം ദോഡ് മണ്ഡലത്തിൽ നിന്നും ഒരു വട്ടം ദണ്ഡ രാംഗർഹ് മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് വിജയിച്ചിട്ടുള്ള അമ്രാറാം കർഷകരുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും എണ്ണമറ്റ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകി. രാജസ്ഥാനിലെ സിപിഎം ശക്തികേന്ദ്രമായ സിക്കറിൽ 1996, 1999, 2004 , 2009 , 2014, 2019 തെരഞ്ഞെടുപ്പുകളിലും അമ്രാറാം മത്സരിച്ചിട്ടുണ്ട് . 2009 ൽ 13.78 വോട്ട് ഷെയറോടെ 1,61,590 വോട്ട് ഒറ്റയ്ക്ക് പിടിച്ച മണ്ഡലത്തിലാണ് അമ്രാറാം ഇക്കുറി കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത്.
മണ്ഡലത്തിൽ ഹാട്രിക് തേടിയിറങ്ങുന്ന ബിജെപിയുടെ സുമേദാനന്ദ് സരസ്വതിയാണ് മുഖ്യ എതിരാളി. ബി.എസ്.പിയും മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ പട്ടികവർഗ സംവരണമണ്ഡലമായ അരാക്കുവിൽ സിപിഎം സ്ഥാനാർഥിയായി അപ്പാള നർസു മത്സരിക്കും. തെലങ്കാനയിലെ ഭുവനഗിരി മണ്ഡലത്തിൽ മുഹമ്മദ് ജഹാംഗീറാണ് സ്ഥാനാർഥി.