തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയിൽ ഉറച്ചു നിൽക്കുമ്പോഴും അർഹതയുള്ള സീറ്റുകൾ ചോദിച്ചു വാങ്ങണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ കക്ഷികളിൽ നിന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് സിപിഎം നീക്കം. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് സീറ്റുകൾ ആവശ്യപ്പെടുക.
തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. കോയമ്പത്തൂർ സീറ്റ് കമലഹാസന്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ലെന്ന് ഡിഎംകെയെ അറിയിക്കാനും സംസ്ഥാന ഘടകത്തോട് കേന്ദ്രകമ്മറ്റി നിർദേശിച്ചു. രാജസ്ഥാനിൽ കോൺഗ്രസുമായി പ്രാദേശീക സഖ്യത്തിനാണ് സിപിഎം ഒരുങ്ങുന്നത്. കർഷക സമരങ്ങളിലും ജലസമരങ്ങളിലും സിപിഎം മുൻപന്തിയിൽ നിൽക്കുന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ചുരു മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കർഷക റാലിക്ക് തുടക്കമിട്ട മഹാരാഷ്ട്രയിൽ പാൽഗർ, ബിന്തോരി മണ്ഡലങ്ങൾ കോൺഗ്രസ്- എൻ.സി-പി – ശിവസേന ഉദ്ധവ് വിഭാഗം മുന്നണിയിൽ നിന്നും ആവശ്യപ്പെടും. ബിഹാറിൽ ജെഡിയു മുന്നണി വിട്ട സാഹചര്യത്തിൽ 16 എം.എൽ.എമാരുള്ള വിശാല ഇടതുസഖ്യം ആർ.ജെ.ഡി-കോൺഗ്രസ് മുന്നണിയിൽ നിന്നും അഞ്ചു സീറ്റെങ്കിലും ആവശ്യപ്പെടും. 12 എം.എൽ.എമാരുള്ള സിപിഐഎംഎല്ലിനായി മൂന്നും ഓരോ സീറ്റ് വീതം സിപിഎം -സിപിഐ കക്ഷികൾക്കുമാണ് ചോദിക്കുക.
ആന്ധ്രായിലും തെലങ്കാനയിലും ത്രിപുരയിലും ബംഗാളിലും കോൺഗ്രസുമായി മുന്നണിയുണ്ടാക്കും.നിലവിൽ ബംഗാളിലും ത്രിപുരയിലും മാത്രമാണ് കോൺഗ്രസ്-ഇടതുപക്ഷ മുന്നണിയുള്ളത് .ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമായ മമതയുടെ പാർട്ടിയുമായി ഒരു സഹകരണവും എവിടെയും വേണ്ടെന്നാണ് സിപിഎം നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് മുന്നണിയിൽ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചത് തിരിച്ചടിച്ചുവെന്നാണ് തെലങ്കാന സിപിഎം ഘടകം കേന്ദ്രക്കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 71 സീറ്റിൽ മത്സരിച്ചപ്പോൾ മൂന്നിടത്താണ് സിപിഎമ്മിന് ജയിക്കാനായത്.