തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടിക 27ന് പ്രഖ്യാപിക്കും. നാളെയും മറ്റന്നാളുമായി ചേരുന്ന ജില്ലാ കമ്മറ്റിയോഗങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തും. അതിന് ശേഷം 21ാംതീയതി ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ തീരുമാനമാകും. തുടര്‍ന്ന് പിബിയുടെ അംഗീകാരത്തിന് വിടും.
ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന് വ്യക്തമാക്കി. തന്റെ അസൗകര്യം ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രാധാകൃഷ്ണന് അറിയിച്ചു. പതിനഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കുറിച്ച് യോഗത്തില്‍ ഏകദേശം ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് വിവി രാജേഷ്, കണ്ണൂര്‍ കെകെ ശൈലജ, വടകര എ പ്രദീപ് കുമാര്‍, കോഴിക്കോട് എളമരം കരീം, പാലക്കാട് എം സ്വരാജ്, ആലപ്പുഴ എഎം ആരിഫ്, ചാലക്കുടിയിൽ മുൻ മന്ത്രി രവീന്ദ്രനാഥ് , ഇടുക്കി ജോയ്സ് ജോര്‍ജ്, പത്തനംതിട്ട തോമസ് ഐസക്, ആറ്റിങ്ങല്‍ വി ജോയ്, കൊല്ലം സിഎസ് സുജാത എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് നിലനില്ക്കുന്നതെന്നു ഇന്നത്തെ യോഗം വിലയിരുത്തി.