ന്യൂഡൽഹി: പൊലീസ് അനുമതി നൽകാത്തതിനെ തുടർന്ന് ഡൽഹിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. എന്നാൽ, ഇന്ന് പരിപാടി നടത്താൻ മുൻകൂറായി പൊലീസ് അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അധികൃതർ എതിർപ്പുന്നയിച്ചു. ഇതോടെയാണ് പരിപാടി റദ്ദാക്കിയത്.
പരിപാടികൾക്ക് ഡൽഹി പൊലീസിന്റെ മുൻകൂർ അനുമതി തേടണമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടിരുന്നു. സുർജിത് ഭവന്റെ പ്രധാന കവാടം പൂട്ടിയ പൊലീസ്, ആരെയും അകത്തേക്കും പുറത്തേക്കും വിടില്ലെന്ന നിലപാടെടുത്തു. പാർട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടികളിൽ അനുമതി തേടാറില്ലെന്നിരിക്കെ പൊലീസ് നടപടി പാർട്ടി പ്രവർത്തകരുടെയടക്കം പ്രതിഷേധത്തിന് വഴിവച്ചു. പരിപാടിയിൽ സംസാരിക്കാനെത്തിയവരും പങ്കെടുക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
സെപ്തംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായാണ് സിപിഎം സഹകരണത്തോടെ വിവിധ സർക്കാരിതര സംഘടനകൾ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്. ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന പാർട്ടി പഠന കേന്ദ്രമായ സുർജിത് ഭവനിൽ ഓഗസ്റ്റ് 18നാണ് പരിപാടി തുടങ്ങിയത്. ബൃന്ദ കാരാട്ട്, മനോജ് ഝാ എംപി, ആക്ടിവിസ്റ്റ് ടീസ്ത സെതല്വാദ് ഉൾപ്പെടെയുള്ളവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ രണ്ടാം ദിനമായ ഇന്നലെ പരിപാടിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തടയുകയായിരുന്നു.
യോഗത്തിൽ പരിസ്ഥിതി വിഷയങ്ങളെ പറ്റി സംസാരിക്കാനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, ഡൽഹി പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. ഗേറ്റ് പൂട്ടിയെങ്കിലും സുർജിത്ത് ഭവനിലെ പരിപാടി സംഘാടകർ നിർത്തിവച്ചില്ല. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിമർശന സ്വഭാവത്തിലുള്ള വിഷയങ്ങളിലെ സെമിനാറുകളായിരുന്നു പരിപാടിയിലെ പ്രധാന അജണ്ട. ജി20യും ഇന്ത്യയും അദ്ധ്യക്ഷതയും ആരുടെ താൽപ്പര്യം? പാരിസ്ഥിതിക അവകാശവാദങ്ങൾ ശരിയോ? കാർഷികരംഗവും ഭക്ഷ്യസുരക്ഷയും ജി20യും തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ.