പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം അതിരുകടന്നതോടെ കടുത്ത അംസൃപ്തിയുമായി മുഖ്യമന്ത്രി പിണറായിവിജയന്. ലോക്സഭാ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്ത പാര്ട്ടിക്കമ്മിറ്റികളിലൊക്കെ തനിക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത് മനപ്പൂര്‍വ്വമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. പാര്‍ട്ടിക്കുളളില്‍ തനിക്കെതിരെ ഉരുണ്ടുകൂടുന്ന അസംതൃപ്തി പിണറായി നന്നായി തിരിച്ചറിയുന്നുണ്ട്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ മുതിര്‍ന്ന നേതാക്കള്‍ പ്രോല്‍സാഹിപ്പിക്കുന്നതും അദ്ദേഹം മനസിലാക്കുന്നുണ്ട്. തനിക്കെതിരായ വിമര്‍ശനങ്ങളെയും, നീക്കങ്ങളെയും ഒറ്റയടിക്ക് നിഷപ്രഭമാക്കാന് പോന്ന ഒരായുധം പിണറായി വിജയന് ഏതുസമയവും പ്രയോഗിച്ചേക്കാമെന്ന് വിശ്വസിക്കുന്നരാണ് സിപിഎമ്മിലെ നേതാക്കളേറെയും. അത് എന്തായിരിക്കും? മന്ത്രിസഭാ പുനസംഘടനയാണോ? അതോ സര്‍ക്കാരിനായി പുതിയ മാര്‍ഗരേഖ കൊണ്ടുവരുമോ? ഏതായാലും പിണറായി വിജയന്റെ അടുത്ത നീക്കം എന്താണ് എന്നതിനെക്കുറിച്ച് സിപിഎം നേതൃത്വത്തില്‍ ആകാംക്ഷയും ആശങ്കയും ഒരേ സമയം മുറുകുകയാണ്.
ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ സിപിഎം സംസ്ഥാന സമിതിയോഗം നടക്കുകയാണ്. സര്‍ക്കാരിനുള്ള പാര്‍ട്ടിയുടെ മാര്‍ഗരേഖ നടപ്പാക്കണമെന്ന കാര്യത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം കടുംപിടുത്തം പിടിക്കുകയാണ്. 2016 ലും അതിന് ശേഷം 2021 ലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനായുള്ള മാര്‍ഗരേഖ പാര്‍ട്ടിയുണ്ടാക്കിയിരുന്നു. എന്നാല്‍ മാര്‍ഗരേഖ ഒരു വഴിക്കും ഭരണം മറ്റൊരു വഴിക്കും പോവുകയായിരുന്നു. ഇത് മനസിലാക്കി നിലവിലുള്ള മാര്‍ഗരേഖയില്‍ മാറ്റങ്ങള്‍ വരുത്താനാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തിരുമാനം. ഇത് സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.ജില്ലാ കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത നേതാക്കളാരും വിമര്‍ശനങ്ങളെ വേണ്ട വിധം പ്രതിരോധിച്ചില്ലന്ന പരാതി പിണറായിയെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധിക്കേണ്ടയാളുകള് അതുചെയ്തില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി തന്നെ ഗോവിന്ദന്മാഷുമായി പങ്കുവച്ചെന്ന സൂചനയമുണ്ട് .
മന്ത്രിസഭാ പുനസംഘടന മുഖ്യമന്ത്രിയുടെ മനസിലുണ്ടെന്നാണ് സൂചന. എന്നാല്‍ സിപിഎം നേതൃത്വത്തിന് അതില്‍ താല്പര്യമില്ല. കാരണം നിലവിലുള്ള മന്ത്രിമാരെക്കാള്‍ അനുഭവ സമ്പത്തു കുറഞ്ഞവരാണ് മന്ത്രിയാകാന്‍ സാധ്യതയുള്ള മറ്റു എംഎല്‍എമാര്‍. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയാല്‍ പുതിയ നിലവിലുള്ള എംഎല്‍എ മാരെ ആരെയും ഉത്തരവാദിത്തങ്ങളേല്പ്പിക്കാന് കഴിയുന്ന തരത്തില്‍ പ്രാപ്തിയുള്ളവരല്ലന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. അതുകൊണ്ട് മന്ത്രിസഭാ പുനസംഘടനയുടെ ആവശ്യം തല്ക്കാലമില്ലന്നും നേതൃത്വം കരുതുന്നു. ഇത്തരത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ചിന്തിച്ചിട്ടുപോലുമില്ലന്നും സിപിഎം നേതാക്കള്‍ പറയുന്നു.
എന്നാല്‍ ഭരണത്തില്‍ തിരുത്തലുകള്‍ അനിവാര്യമാണെന്ന് സിപിഎം കരുതുന്നുണ്ട്. ഇതു മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടിട്ടുണ്ട് . പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിനുള്ളിലും ഒരേ സമയം തിരുത്തലുകള്‍ വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പിഎസ്സി കോഴക്കേസ് സിപിഎമ്മിനുളളില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവത്തില്‍ പണം നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി കൊടുക്കാതിരിക്കാനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താതിരിക്കാനും പാര്‍ട്ടി നന്നായി പണിപ്പെട്ടു. പ്രമോദ് കോട്ടുളിയെന്ന സിപിഎം നേതാവിന് പണം നല്കിയവര് പാര്‍ട്ടിയില്‍ പരാതി നല്‍കുന്നതിന് പകരം പൊലീസിനെയാണ് സമീപിച്ചിരുന്നതെങ്കില്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയുണ്ടാകുമായിരുന്നു. സംഭവം വിവാദമായപ്പോഴേക്കും അത് ഒതുക്കിതീര്‍ക്കാന്‍ കഴിഞ്ഞത് കൊണ്ട് പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോയില്ലന്നാണ് സിപിഎം നേതാക്കള്‍ തന്നെ പറയുന്നത്.
അതോടൊപ്പം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ഒരോ മാസവും വേണമെന്നും സിപിഎം നേതൃത്വം തിരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും അനുകൂല നിലപാടാണ്. വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കു വലിയ അസംതൃപ്തിയുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന് പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്നുപോലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ജനങ്ങള്‍ക്ക് പ്രതീക്ഷിച്ച പോലുളള സേവനങ്ങള്‍ നല്കാന് ആരോഗ്യം തദ്ദേശ സ്വയംഭരണം തുടങ്ങിയ പല വകുപ്പുകള്‍ക്കും കഴിയുന്നില്ലന്നാണ് വിവിധ പാര്‍ട്ടിക്കമ്മറ്റികളില്‍ നിന്നുള്ള വിലയിരുത്തല്‍. പുതിയ മാര്‍ഗരേഖ മതിയോ അതോ പുതിയ മന്ത്രിമാര്‍ വേണോ ഈ ചോദ്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്, എന്തായാലും തീരുമാനിക്കുന്നത് പിണറായി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ മാത്രം ആര്‍ക്കും തര്‍ക്കമില്ല