ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസ്ബെളെയുമായി ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി എം ആര് അജിത്ത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഒന്നും ചെയ്യാനില്ലന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് നടപടികള്എടുക്കേണ്ടതെന്നുമുള്ള നിലപാടില്‍ സിപിഎമ്മും സിപിഐയും ഉറച്ച് നില്ക്കുന്നു. ഇതോടെ ഇടതുമുന്നണിയിലെ രണ്ടുപാര്‍ട്ടികളും ഈ വിഷയം മുഖ്യമന്ത്രിയുടെ തലയില്‍ വച്ച് തടിയൂരുകയാണ്.
പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് വേണമെങ്കില്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാം. കാരണം പാര്‍ട്ടി സംസ്ഥാന സമിതിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിക്കുന്നത്.എന്നാല്‍ ഇവിടെ അത്തരത്തിലൊരു ആവശ്യം ഉന്നയിക്കാന്‍ പോലും സിപിഎം തെയ്യാറായിട്ടില്ല. മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തിരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ്. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളോ പരാമര്‍ശങ്ങളോ നേതാക്കളില്‍ നിന്നുണ്ടാകാന്‍ പാടില്ലന്ന നിര്‍ദേശവും സിപിഐ നല്‍കിക്കഴിഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതില്‍ കടുത്ത എതിര്‍പ്പാണ് സിപിഐക്കുള്ളത്. അത് മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും അറിയിച്ചിട്ടുമുണ്ടായിരുന്നു. എന്നാലും പൊളിറ്റിക്കല്‍ സെക്രട്ടറിക്കും, എഡിജിപിക്കുമെതിരെയുള്ള നടപടി പരസ്യമായി ആവശ്യപ്പെടേണ്ട എന്ന നിലപാടിലാണ് സിപിഐ.
മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെയും മുന്നണിയുടെയും അസംതൃപ്തിയെ അദ്ദേഹം ഇതുവരെ കാര്യമായി എടുത്തിട്ടില്ല. എന്നാല്‍ വിവാദ നായകരായ രണ്ടുപേരെയും മാറ്റി നിര്‍ത്തേണ്ടി വന്നേക്കാമെന്ന സൂചന അദ്ദേഹം തന്റെ അടുത്ത വൃത്തങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അത് എപ്പോള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സൂചനയൊന്നുമില്ല. അതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കാനും ഇടതുമുന്നണിയിലെ ഒരു നേതാവിനും ധൈര്യമില്ലന്നതാണ് മറ്റൊരു കാര്യം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തിരുമാനമെടുക്കുമ്പോള്‍ മാത്രമേ സിപിഎമ്മടക്കമുള്ള മുന്നണിയിലെ പാര്‍ട്ടികള്‍ അറിയൂ.
എഡിജിപി അജിത്ത് കുമാര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ വഹിച്ചിരുന്ന ചുമതലകള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാറുണ്ട്. അജിത്ത്കുമാറിന്റെ കാര്യത്തിലും ഇത് തന്നെയായിരിക്കും സംഭവിക്കുക.
എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ സിപിഎമ്മിനും കടുത്ത അസംതൃപ്തിയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അനങ്ങാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വിച്ചിട്ടുണ്ട്. മാറ്റുന്നെങ്കില്‍ പിശശിയെയും എംആര്‍ അജിത്ത്കുമാറിനെയും മാറ്റേണ്ടിവരും. പി ശശിയെ മാറ്റുക എന്നാല്‍ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കറിയാം. എന്നാല്‍ എഡിജിപി അജിത്ത് കുമാറിനെ മാറ്റുന്ന കാര്യത്തില്‍ കേവലം ഒരു സര്‍ക്കാര്‍ ഉത്തരവ് മാത്രം മതി. എന്നാല്‍ അതു ചെയ്യാന്‍ മുഖ്യമന്ത്രി തെയ്യാറാകുന്നില്ലന്നതാണ് ഉന്നത സിപിഎം നേതാക്കളെ പോലും അമ്പരിപ്പിക്കുന്നത്.
പിവി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളോട് അനുഭാവമുള്ളവര്‍ സിപിഎമ്മില്‍ വര്‍ധിച്ചുവരുന്നത് പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയായിട്ടു വരികയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നത് കൊണ്ട് ഇത്തരം വിഷയങ്ങള്‍ സിപിഎമ്മിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചയാകും. പാര്‍ട്ടി അംഗം പോലുമല്ലാത്ത പിവി അന്‍വറിനോട് ആഭിമുഖ്യമുള്ള പാര്‍ട്ടി അണികള്‍ വര്‍ധിക്കുന്നത് സിപിഎമ്മില്‍ തന്നെ അത്ഭുതമുളവാക്കുന്നുണ്ട്. അത്തരക്കാര്‍ വര്‍ധിച്ചുവരുന്നത് ആശാസ്യമല്ലന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.
മുഖ്യമന്ത്രിയാകട്ടെ എടുത്തുചാടി ഒന്നും ചെയ്യാന്‍ തയ്യാറല്ലെന്ന തിരുമാനത്തിലാണ്. പിശശിയെ മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് ചില മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. അത് ഉടന്‍ ഉണ്ടാകുമെന്ന തരത്തിലാണ് അദ്ദേഹം അവരോട് ആശയവിനിമയം നടത്തിയത്. അജിത്ത് കുമാര്‍ ലീവില്‍ പോകുന്ന മുറക്ക് അദ്ദേഹത്തെ ചുമതല മറ്റൊരാള്‍ക്ക് നല്കി പ്രശ്നം പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി അറിയുന്നു. എന്നാല്‍ ഇതെല്ലാം നീണ്ടുപോകുന്നത് സിപിഎമ്മിനെയും മുന്നണിയെയുമാണ് ദോഷകരമായി ബാധിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നു. എന്നാല്‍ അത് മുഖ്യമന്ത്രിയോട് തുറന്ന് പറയാന്‍ അവര്‍ക്ക് കഴിയുന്നുമില്ല.