ഇടുക്കി: സിപിഐ നേതാവ് കെകെ ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി. പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എൽഡിഎഫ് ജില്ലാ കൺവീനറുടെ ചുമതല. മുന്നണി മര്യാദകൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുവെന്ന വിമർശനം എൽഡിഎഫിൽ നിന്ന് തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് കെ.കെ. ശിവരാമനെതിരേയുള്ള പാർട്ടി നീക്കം.
പാർട്ടിക്ക് ജില്ലാ കൺവീനർ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാർ തന്നെ കൺവീനർ ആയാൽ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം.സംസ്ഥാനത്ത് സിപിഐ, എല്‍ഡിഎഫ് കണ്‍വീനര്‍മാരുടെ ചുമതല വഹിക്കുന്ന കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിലെ കൺവീനർമാരെ മാറ്റാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമായത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരായ കെ.കെ. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതില്‍ സിപിഐ സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടകകക്ഷികൾക്ക് ദോഷം ഉണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞിരുന്നു.