തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് പാര്‍ട്ടി വിശദീകരണം തേടും. സിപിഐ സംസ്ഥാനം എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പരാതി അന്വേഷിക്കാനായി പാര്‍ട്ടി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. കെകെ അഷ്റഫ്, ആര് രാജേന്ദ്രന്, സികെ ശശിധരന്, പി വസന്തം എന്നിവരാണ് കമ്മിഷന് അംഗങ്ങള്‍.
ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ നേരത്തെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ കെകെ അഷ്റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിന് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. എപി ജയന് ചുരുങ്ങിയ കാലയളവില്‍ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.