തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാൻ സി.പി.ഐ തീരുമാനം.വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന പൊതു വിലയിരുത്തലിലാണ് സി.പി.ഐ ഉള്ളത്. അതേസമയം സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോൾ ഇ.പി വിവാദം ചർച്ച ചെയ്തേക്കും.
ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം നിർണായകമായ തെരഞ്ഞെടുപ്പിന്റെ പോളിങ് ദിവസം തന്നെ ഇടതുമുന്നണി കൺവീനർ വെളിപ്പെടുത്തിയതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. മുന്നണി രാഷ്ട്രീയത്തിന് ചേരാത്ത നിലപാട് സ്വീകരിച്ച ഇപിക്ക് എതിരെ സി.പി.എം നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സി.പി.ഐ ഉണ്ടായിരുന്നത്. നടപടിയെടുത്തില്ലെന്നു മാത്രമല്ല ഇ.പിയെ സി.പി.എം ന്യായീകരിക്കുകയും ചെയ്തതോടെ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്.ഇനി മുന്നണി യോഗം ചേരുമ്പോൾ അതൃപ്തി യോഗത്തിൽ തന്നെ വ്യക്തമാക്കാനാണ് സി.പി.ഐ ആലോചന.
ഇ.പിയുടെ കൂടിക്കാഴ്ചയും ചർച്ചയും മുന്നണിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചു എന്ന പാർട്ടി നിലപാട് യോഗത്തിൽ നേതാക്കൾ അറിയിച്ചേക്കും. വിവാദം സി.പി.എമ്മും പൂർണമായി അവസാനിപ്പിച്ചിട്ടില്ല എന്നാണ് സൂചന.കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹത്തിന്റെ ഘടകം ചർച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം ഉള്ളത്.വിവാദങ്ങൾ പരിശോധിക്കുവാൻ കമ്മീഷൻ വെക്കാനോ, നടപടി സ്വീകരിക്കാനോ കേന്ദ്ര കമ്മിറ്റി തീരുമാനിക്കട്ടെ എന്ന നിലപാട് സംസ്ഥാന നേതൃത്വത്തിലുണ്ട്.അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ഇ.പിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.