തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിശദീകരണം. ഇ.കെ.വിജയന് എംഎല്‍എ ആണ് സിപിഐയെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുക്കുക.
നിയമത്തിന്റെ കരട് പോലും തയാറാകുന്നതിന് മുമ്പ് ഏക സിവില്‍കോഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിലും അമര്‍ഷമുണ്ടെന്നാണ് വിവരം. അതേസമയം ഏക സിവില്‍കോഡ് വിഷയത്തില്‍ മുന്നണിയില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചത്. കോഴിക്കോട് നടക്കുന്ന സെമിനാറില്‍ സിപിഐയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.