തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വീണ്ടും മത്സരിക്കാൻ വരുന്നുവെങ്കിൽ കോൺഗ്രസ് മുഖ്യ പോരാട്ട വേദി കേരളമാണോ എന്നതടക്കമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
“രാഹുലിന് ഇന്ത്യയിൽ എവിടേയും മത്സരിക്കാം. രാഹുലിനെ വയനാട്ടിലേക്കാണ് പറഞ്ഞയക്കുന്നതെങ്കിൽ കോൺഗ്രസ് ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം. ആരാണ് കോൺഗ്രസിൻ്റെ മുഖ്യ എതിരാളി? പ്രധാന പോരാട്ട വേദി ഏതാണ്? ബി.ജെ.പിയാണ് എതിരാളിയെങ്കിൽ രാഹുൽ ഉത്തരേന്ത്യയിൽ മത്സരിക്കണം” ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കേരളത്തിൽ എൽ.ഡി.എഫ് അനുകൂല തരംഗമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് ഫലം അതിൻ്റെ സൂചനയാണ്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 20 ൽ 20 സീറ്റും ജയിക്കുകയാണ് ലക്ഷ്യം. സി.പി.ഐയുടെ നാല് സീറ്റും ജയിക്കും. സ്ഥാനാർഥികൾ ജനങ്ങൾക്കൊപ്പം നിന്നവരാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.യു.ഡി.എഫിൽ രാഷ്ട്രീയ ഐക്യമില്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.