ആലപ്പുഴ: എസ്എഫ്ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്കാരമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ്എഫ്ഐ തിരുത്തിയേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘എസ്എഫ്ഐ ആ രീതി തിരുത്തണം. തിരുത്തിയേ തീരു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ല അത്. വളരെ പ്രാകൃതമായിട്ടുള്ള സംസ്കാരത്തിന്റെ ഭാഗമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് പുതിയ ലോകത്തിനുമുന്നിലുള്ള ഇടതുപക്ഷത്തിന്റെ ഘടനയെപ്പറ്റി അറിയില്ല. അത് അവരെ പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിന് ഒരു ബാധ്യതയായിട്ട് മാറും’ – ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ മാർച്ചിൽ കേരള സർവകലാശാല കലോത്സവത്തിനിടെ സംഘർഷമുണ്ടായ സന്ദർഭത്തിലും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒരു സംഘടനക്ക് നിരക്കാത്തതും എസ്.എഫ്.ഐയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും ചേരാത്ത പ്രവൃത്തിയാണെന്നും അന്ന് ബിനോയ് വിശ്വം പറഞ്ഞത്.