തിരുവനന്തപുരം: രാജ്യസഭാ സീറ്റ് പി.പി സുനീറിന് നൽകിയതിൽ സിപിഐ കൗണ്‍സിലിൽ അതൃപ്തി അറിയിച്ച് വി.എസ്.സുനിൽകുമാർ. സുനിൽ കുമാറിന്റെ നിലപാടിനെ പരിഹസിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ.
സുനീർ ചെറുപ്പമാണ്, ഇനിയും സമയമുണ്ടായിരുന്നു, സുനീറിന് പകരം മുതിര്‍ന്ന നേതാവിനെ അയക്കണമായിരുന്നുവെന്നാണ് സുനില്‍കുമാര്‍ പറഞ്ഞത്. മുതിർന്ന നേതാവ് പ്രകാശ് ബാബുവിന് അനുകൂലമായിരുന്നു സുനിലിന്റെ നിലപാട്. നേരത്തെ മുതൽ കാനം വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച ആൾ എന്ന നിലയിലാണ് നിലവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രകാശ് ബാബു വിരുദ്ധ നിലപാടിനെ സുനിൽ ചോദ്യം ചെയ്തത്. സുനിൽ കുമാറിനെ എതിർത്തും പരിഹസിച്ചുമാണ് എ.ഐ.വൈ.എഫ് പ്രസിഡന്റ് എന്‍.അരുണ്‍ സംസാരിച്ചത്. 40 വയസിന് മുന്‍പ് എം.എല്‍.എയും 50 ന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്നായിരുന്നു അരുണിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതേസമയം സംസ്ഥാന എക്സിക്യുട്ടീവില്‍ നിന്ന് മന്ത്രിമാരെ ഒഴിവാക്കണമെന്നാവശ്യം ബിനോയ് വിശ്വം തള്ളി. താന്‍ മന്ത്രിയായിരുന്നപ്പോള്‍ എക്സിക്യൂട്ടീവിലുണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളില്‍ തുടരുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു വിമര്‍ശനം.
എസ്എഫ്ഐയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തെരുവില്‍ പോരടിക്കണ്ടെന്നും തെറ്റുകള്‍ കണ്ടാല്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ധനവകുപ്പിനെതിരെ കടുത്ത വിമർശനമാണ് യോഗത്തിൽ ഉയർന്നത്. തോൽവി വിലയിരുത്തുന്നവർ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികൾ പറഞ്ഞു. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും പ്രതിനിധികൾ വ്യക്തമാക്കി.