തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നതിന് സിപിഐയുടെ അന്ത്യശാസനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയിൽ സിപിഐ ആവശ്യപ്പെട്ടു. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി. റിപ്പോർട്ട് വന്നതിനുശേഷം നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
എഡിജിപിയെ മാറ്റണമെന്ന കാര്യം മന്ത്രി കെ. രാജനാണ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ആവർത്തിച്ചു. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ് സമർപ്പിക്കാത്തത്. റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.