തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ആക്രമണത്തില്‍ രാഹുലിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. ജാമ്യം നല്കിയാല് അക്രമത്തിന് പ്രോത്സാഹനമാകും. വിഡിയോ ദൃശ്യങ്ങളില്‍ രാഹുല്‍ നടത്തിയ അക്രമം വ്യക്തമാണെന്ന് പ്രോസിക്യൂഷന് പറഞ്ഞു. രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഗൂഢാലോചന തെളിയിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു.
രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന്, പ്രോസിക്യൂഷന് വാദത്തെ എതിര്‍ത്തുകൊണ്ട് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു. പൊലീസിനെ ആക്രമിച്ചത് രാഹുല്‍ അല്ലെന്നും വാദിച്ചു.
സമാധാനപരമായ സമരത്തിനാണ് എത്തിയതെങ്കില്‍ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി രാഹുലിനോടു ചോദിച്ചു. സമീപത്തെ ഫ്ലക്സില്‍ നിന്നെടുത്ത പട്ടികയാണെന്നായിരുന്നു മറുപടി.
ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.