ന്യൂഡല്‍ഹി: ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധിപറയും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വിധി പറയുക.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിൽവാസം തുടരുമോ മോചനം ലഭിക്കുമോയെന്നത് കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
ബുധനാഴ്ചയാണ് കെജ്രിവാളിന്റെ ഹർജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കവിതയെ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇടക്കാല ജാമ്യം തേടിയുള്ള കവിതയുടെ ഹർജി ഇന്നലെ തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 15 വരെ കെജ്രിവാള് തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും.അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന മൂന്നു പൊതുതാല്പര്യ ഹർജികൾ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.