തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് ഉത്തരവ്.പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സി.ബി.ഐ നിലപാട് അറിയിച്ചിരുന്നത്. പിതാവ് സമർപ്പിച്ച തെളിവുകൾ സി.ബി.ഐക്ക് കോടതി കൈമാറി.
ജെസ്നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും സി.ബി.ഐ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി പിതാവ് മുദ്രവച്ച കവറിൽ ചില തെളിവുകൾ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആറു മാസം കൂടി സി.ബി.ഐ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. തുടർന്ന്, ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചാണ് കോടതി ഇപ്പോൾ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍നിന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാർഥിയായ ജെസ്നയെ കാണാതായത്. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആൻഹഡ് സോഷ്യല്‍ ആക്ഷന്‍ സംഘടന ഹൈകോടതിയെ സമീപിച്ചതോടെയാണ് 2021 ഫെബ്രുവരിയിൽ കേസ് സി.ബി.ഐക്ക് വിട്ടത്. ജെസ്ന ഓട്ടോയില്‍ മുക്കൂട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് എന്തുസംഭവിച്ചുവെന്നുള്ള കാര്യമാണ് ദുരൂഹമായി തുടരുന്നത്.
ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ തീവ്രവാദസംഘങ്ങൾക്ക് പങ്കുള്ളതായോ, മതപരിവർത്തനം നടത്തിയതായോ കണ്ടെത്താനായില്ലെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചിരുന്നു. ജസ്ന മരിച്ചെന്ന് സ്ഥാപിക്കാവുന്ന തെളിവുകളും ലഭിച്ചില്ല. കേരളത്തിനകത്തും പുറത്തുമുള്ള മതപരിവർത്തന കേന്ദ്രങ്ങളിൽ പരിശോധിച്ചു. തമിഴ്നാട്ടിലും, മുംബൈയിലും നടന്ന അസ്വാഭാവിക മരണങ്ങൾ അന്വേഷിച്ചു. ജെസ്നയുടെ ആൺ സുഹൃത്തിനെയും പിതാവിനെയും ബ്രയിൻ മാപ്പിങ്ങിന് വിധേയമാക്കി. ജസ്ന സമൂഹ മാധ്യമങ്ങളിൽ സജീവമല്ലായിരുന്നു. സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ടില്ല -സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.