കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖക്ക് കോടതി നോട്ടീസയച്ചു. അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി നോട്ടീസയച്ചത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത കോടതിയെ സമീപിച്ചത്.
സ്വന്തം യൂട്യൂബ് ചാനലിലും വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലും ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസിൽ ഉന്നത പോസ്റ്റിലിരുന്ന വ്യക്തി ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയത്. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. ഇതെല്ലാം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹരജി നൽകിയത്.