കൊച്ചി : പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല എന്നും കോടതി നിരീക്ഷിച്ചു. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിൽ ആണെന്നും പെരുമ്പാവൂര്‍ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. റാപ്പര്‍ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
വന നിയമത്തിലെ പ്രസ്തുത വകുപ്പ് പ്രകാരമുള്ള, വേട്ടയാടൽ, അവയുടെ വ്യാപാരം, അല്ലെങ്കിൽ നിയമവിരുദ്ധമായി ഇത്തരം വസ്തുവിന്റെ കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവുമില്ലാതെ, പുലിയുടെ പല്ല് വീണ്ടെടുത്തുവെന്ന ആരോപണം മാത്രമാണ് ഹരജിക്കാരനെതിരെയുള്ള കേസിന് ആധാരം. ഹരജിക്കാരൻ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മുൻചരിത്രമില്ല. കൂടാതെ കൈവശം വച്ചത് മനഃപൂർവമോ ദുരുദ്ദേശ്യത്തോടെയോ ആയിരുന്നില്ല എന്ന വാദം ന്യായമാകാം. മാത്രമല്ല, ഇത് യഥാർഥത്തിൽ പുള്ളിപ്പുലിയുടെ പല്ലാണോ എന്ന് സംശയമുണ്ട്. ഫോറൻസിക് വിശകലനത്തിലാണ് ഇക്കാര്യം ആധികാരികമായി സ്ഥിരീകരിക്കേണ്ടത്. പക്ഷേ, നിലവിലെ തെളിവുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതല്ല. സംഭവത്തിന്റെ ഒറ്റപ്പെട്ട സ്വഭാവം കണക്കിലെടുക്കുമ്പോൾ ഹരജിക്കാരനെതിരെയുള്ള കേസ് ദുർബലമാണ്…. കോടതിയുടെ നിരീക്ഷണം ഇങ്ങനെ പോകുന്നു.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന് വന്യജീവികളെ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുണ്ട്. പക്ഷേ, അത് നടപ്പാക്കുന്നത് നീതി, ആനുപാതികത, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടണം. സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ, വ്യക്തികളുടെ മൗലികാവകാശങ്ങളുമായി ചേർന്ന് പോകേണ്ടതുണ്ട്; സന്തുലിതമാകണം. ശക്തമായ തെളിവുകളോ അന്വേഷണത്തിൽ ഇടപെടാനുള്ള സാധ്യതയോ ഇല്ലെങ്കിൽ, ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം മാത്രം അടിസ്ഥാനമാക്കി ജാമ്യം നിഷേധിക്കരുത്. അത്തരം ന്യായീകരണങ്ങളില്ലാതെ ജാമ്യം നിഷേധിക്കുന്നത് ഒരാള്‍ നിരപരാധി ആകാനുള്ള സാധ്യതയെ അത് ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനായുള്ള അവകാശത്തെ ലംഘിക്കുകയും ചെയ്യുന്നു. വേടൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കാൻ പ്രധാനപ്പെട്ട ഇത്തരം നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.