ന്യൂഡൽഹി : ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിക്കെതിരായ മാനനഷ്ടകേസ് തള്ളി ഡൽഹി കോടതി. കോൺഗ്രസ് നേതാവ് സന്ദീപ് ദിക്ഷിതാണ് അതിഷിക്കും പാർട്ടി എംപി സഞ്ജയ് സിങ്ങിനുമെതിരേ ക്രിമിനൽ മാനനഷ്ടകേസ് നൽകിയത്. പരാതി പരിഗണിക്കാൻ വിസമ്മതിച്ച അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേര്റ് പാരസ് ദലാൽ അപകീർത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവന രാഷ്ട്രീയ വാദങ്ങൾ മാത്രമാണെന്നും വിലയിരുത്തി.
ക്രിമിനൽ മാനനഷ്ടത്തിന് ആവശ്യമായ ഘടകങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്താനായില്ലെന്നും ആരോപണവിധേയർ നടത്തിയ രാഷ്ട്രീയ വാർത്താ സമ്മേളനവും പ്രസ്താവനയും രാഷ്ട്രീയ വാഗ്വാദങ്ങൾ മാത്രമാണെന്നും മറ്റൊന്നും അതിലില്ലെന്നും കോടതി വ്യക്തമാക്കി.
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസ് സഹായിക്കുന്നു എന്ന പ്രസ്താവന പരാതിക്കാരനായ ദീക്ഷിതിനെ ലഷ്യം വച്ചുള്ളതാണെന്നതിന് തെളിവില്ല. ബിജെപിയും കോൺഗ്രസും ആംആദ്മിയും പരാജയപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കുകയാണ്. എന്ന പ്രസ്താവന അപകീർത്തികരമല്ല. മറിച്ച് അവ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയിൽ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.