മുംബൈ : അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിലചൊല്ലി രാജ്യം. മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുംബൈയിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്.
കൊളാബോയിലെ വീട്ടിലെത്തിയും എന്‍സിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ദേശീയ പതാകയില്‍ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികള്‍ നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് , പിയൂഷ് ഗോയല്‍ എന്നിവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
86കാരനായ രത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചത്. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്.