ന്യൂഡൽഹി : രാജ്യമൊട്ടുക്ക് ബിജെപി നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ വിവരങ്ങളുമായി വെബ്സൈറ്റ്. www.corruptmodi.com എന്ന സൈറ്റിലാണ് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ അഴിമതിയെയും വിശദമായി പ്രതിപാദിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പത്രകട്ടിങ്ങുകൾ ഓരോ അക്ഷരം ക്ലിക് ചെയ്യുമ്പോഴും സ്ക്രീനിൽ തെളിയും.
A എന്ന അക്ഷരത്തിൽ അദാനി തുറമുഖ അഴിമതിയെക്കുറിച്ചുള്ള വിവരമാണ്. B യിൽ ആറ് സുപ്രധാന അഴിമതികളുടെ വിവരങ്ങൾ. 2008ൽ ശിവരാജ്സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായ കാലത്ത് നടന്ന ബുന്ദേൽഖണ്ഡ് പാക്കേജ് കുംഭകോണം, 2016–-2017 കാലത്ത് ഛത്തിസ്ഗഡിലെ ബജറ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട്, രാജസ്ഥാനിൽ വസുന്ധര രാജെയുടെ കാലത്ത് നടന്ന ബജ്രി ഖനന അഴിമതി, ബിറ്റ്കോയിൻ അഴിമതി, ഭാമാ ഷാ ഇൻഷുറൻസ് തട്ടിപ്പ്, ഗോവയിലെ അഞ്ചു കോടിയുടെ കെട്ടിട നിർമാണ തട്ടിപ്പ് എന്നിവ.
Zൽ സുബിൻ ഇറാനി(കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പങ്കാളി)നടത്തിയ ഭൂമി തട്ടിപ്പാണുള്ളത്. Y ക്ലിക് ചെയ്യുമ്പോൾ കർണാടകത്തിലെ മുൻ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബിജെപി കേന്ദ്ര സമിതിക്കും അദ്വാനിയും മുരളിമനോഹർ ജോഷിയും രാജ്നാഥ്സിങ്ങും ഗഡ്കരിയും അടക്കമുള്ള നേതാക്കൾക്കും കോടികൾ കൈമാറിയതിന്റെ ആദായ നികുതി വകുപ്പിന്റെ രേഖകൾ സംബന്ധിച്ച കാരവൻ മാസികയുടെ വെളിപ്പെടുത്തലാണ്. 2000ന്റെ കറൻസികൾ തുന്നിപ്പിടിപ്പിച്ച വസ്ത്രങ്ങളണിഞ്ഞ നരേന്ദ്ര മോഡിയുടെ ചിത്രമാണ് സൈറ്റിന്റെ ഹോം പേജിലുള്ളത്.
A മുതൽ Z വരെയുള്ള എല്ലാ അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്താലും ആ അക്ഷരത്തിൽ തുടങ്ങുന്ന അഴിമതിയെക്കുറിച്ചുള്ള വിവരങ്ങളും വാർത്തയും കാണാം. സോഷ്യൽ മീഡിയയിൽ ഈ വെബ്സൈറ്റ് ട്രെൻഡിങ്ങാണ് ഇപ്പോൾ.