തിരുവനന്തപുരം : ഡാർക്ക് വെബ് വഴി മയക്കുമരുന്നു കടത്തുന്ന 25 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഭൂരിഭാഗം പേരും മലയാളികളാണ്. സൈബർ മേഖലയിൽ നിയമവിരുദ്ധ ഇടപാടുകളിൽ വർധനവ് കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സൈബർ വിഭാഗവും സാങ്കേതിക ഇന്റലിജൻസ് വിഭാഗവും കടത്തുകാരെ തിരിച്ചറിഞ്ഞത്.
ഡാർക്ക് വെബ് സൈറ്റുകൾ വഴി ലഹരി മരുന്നു വാങ്ങുന്നവരെ മയക്കുമരുന്നു കടത്തുകാർ വ്യാപകമായി നോട്ടമിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിൽ മാത്രമല്ല ബംഗളൂരു ഉൾപ്പെടെയുള്ള വിവിധ ദക്ഷിണേന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ചു ഡാർക്ക് വെബ് മയക്കുമരുന്നു കടത്തുകാർ പ്രവർത്തിക്കുന്നുണ്ടെന്നും സൈബർ വിഭാഗം വ്യക്തമാക്കുന്നു. തിരിച്ചറിഞ്ഞവരിൽ ഐടി പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ധരായ യുവാക്കൾ, സമ്പന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരോ ആണെന്നു കണ്ടെത്തിയതായും പൊലീസിനോടു അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഡാർക്ക് വെബ് പട്രോളിങിലൂടെ നിലവിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാർക്ക് വെബ് വഴിയുള്ള വിൽപ്പന സുരക്ഷിതമാണെന്നു കണ്ടാണ് കടത്തുകാർ ഈ രീതി കൂടുതലായി ഉപയോഗപ്പെടുത്തിയത്. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ ശാരീരിക ഇടപെടലുകൾ ഇല്ല. അതുകൊണ്ടു തന്നെ കടത്തുകാരെ തിരിച്ചറിയാൻ പ്രയാസമാണ്. ഡാർക്ക് വെബിൽ വിൽപ്പനക്കാരും വാങ്ങുന്നവരും മയക്കമരുന്നിന്റെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നു. കരാർ ഉറപ്പിച്ചു പണം കൈമാറ്റം ചെയ്തു കഴിഞ്ഞാൽ ലഹരി മരുന്നു കൊറിയർ വഴി വീട്ടിലെത്തും.
തിരിച്ചറിഞ്ഞ 25 പേരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇടപാട് നടത്തിയിട്ടുള്ളത്. ഒരു കേസിൽ ക്രിപ്റ്റോ കറൻസിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിദേശത്തു നിന്നു എത്തിക്കുന്ന മയക്കുമരുന്നു ആഭ്യാന്തര റാക്കറ്റുകൾ വഴിയാണ് കടത്തുകാർ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഓൺലൈൻ വഴി കച്ചവടക്കാർ മിതമായ അളവിൽ മാത്രമാണ് ഉപഭോക്താക്കൾക്കു ലഹരി മരുന്നു വിൽക്കുന്നത്. നിലവിൽ കേരളത്തിലേക്ക് വലിയ തോതിൽ മയക്കുമരുന്നു കടത്തുന്നില്ല. ഒരു ഭാഗം മാത്രമാണ് കേരളത്തിലേക്ക് വരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.