ന്യൂഡൽഹി: 2018 നു ശേഷം രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം ഉയർന്നപ്പോൾ ഇന്ത്യയിലെ വർധന 70 ശതമാനമെന്നു കണക്കുകൾ . കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യസഭാംഗം വി ശിവദാസന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിവായത്.
2018-19 സാമ്പത്തീക വർഷത്തിൽ ഗാർഹിക സിലിണ്ടറിന് 653.5 രൂപയും വാണിജ്യ സിലിണ്ടറിന് 1176.5 രൂപയും ആയിരുന്നു രാജ്യത്തെ പാചകവാതക വില. 2022- 23ൽ ഇവ യഥാക്രമം 1103ഉം 2028 രൂപയുമായി. വർധന 70 ശതമാനം. 2018-19ൽ രാജ്യാന്തര പാചകവാതക വില ടണ്ണിന് 526 ഡോളറായിരുന്നു. ഇത് ഇപ്പോൾ 35 ശതമാനം വർധിച്ച് 711.5 ഡോളറായി. രാജ്യാന്തര വിപണിയിൽ വൻതോതിൽ പാചകവാതക വില കുറഞ്ഞ വർഷങ്ങളിലും ഇന്ത്യയിൽ വില കൂടിക്കൊണ്ടിരുന്നു. രാജ്യാന്തരവിപണിയിൽ 2019-20ൽ പാചകവാതകവില 453.75 ഡോളറായി കുറഞ്ഞു. അതേവർഷം ഇന്ത്യയിൽ ഗാർഹിക സിലിണ്ടറിന്റെ വില 653 രൂപയിൽനിന്ന് 744 ആയി വർധിച്ചു. വാണിജ്യ സിലിണ്ടറിന് 1176 രൂപയിൽനിന്ന് 1285 രൂപയായി.