അഹമ്മദാബാദ് : ഏകദിന ലോകകപ്പിനു വെടിക്കെട്ടു തുടക്കം കൊടുത്ത് ഡെവോണ്‍ കോണ്‍വെയും രചിന് രവീന്ദ്രയും. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ക്കുന്നു. ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡിനായി മിന്നല്‍ ബാറ്റിങുമായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും വണ്‍ഡൗണ്‍ ബാറ്റര്‍ രചിന് രവീന്ദ്രയും. ഇരുവരും ഉദ്ഘാടന പോരില്‍ തന്നെ സെഞ്ച്വറി നേടി അഹമ്മദാബാദില്‍ നിറഞ്ഞാടുന്നു.
ന്യൂസിലന്‍ഡ് ഇരുവരുടേയും കരുത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുകയാണ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന നിലയിലാണ് കിവികള്‍. കിവികള്‍ക്ക് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ വില്‍ യങിനെ ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായി. അപ്പോള്‍ സ്കോര്‍ 10 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ കോണ്‍വെയ്ക്ക് കൂട്ടായി രചിന് എത്തിയതോടെ കഥ മാറി. കോണ്‍വെ 83 പന്തിലും രചിന് രവീന്ദ്ര 82 പന്തിലും സെഞ്ച്വറി നേടി. 15 ഫോറും രണ്ട് സിക്സും സഹിതം 110 പന്തില്‍ 120 റണ്‍സുമായി കോണ്‍വെ നില്ക്കുന്നു. രചിന് 89 പന്തില്‍ 107 റണ്‍സുമായി ബാറ്റിങ് തുടരുന്നു. താരം പത്ത് ഫോറും അഞ്ച് സിക്സും തൂക്കി.
ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. കൃത്യമായ ഇടവേളകളികളില്‍ വിക്കറ്റുകള്‍ വീണത് കൂറ്റന്‍ സ്കോര്‍ നേടാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തിനു തിരിച്ചടിയായി. 86 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറര്‍.