ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
ബില്ലുകള്‍ ഒപ്പിടാതെ സര്‍ക്കാരിനെതിരെ നീക്കം നടത്തുന്ന ഗവര്‍ണര്‍ ബിജെപി അജണ്ട നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാര്ഥിയായിത്തന്നെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടേയെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
‘രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹമത് ചെയ്യണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഉചിതം, കാരണം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കണം, ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ നിന്നും മത്സരിക്കൂ’, വൃന്ദ കാരാട്ട് പറഞ്ഞു.
ദിവസേന പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഗവര്‍ണര്‍ പരിഹരിക്കണമെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.