കൊല്ലം : കൊച്ചി തീരത്ത് കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞു. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണ് കണ്ടെയ്നര്‍. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കണ്ടത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്നര്‍ അടിഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രാവിലെ സ്ഥലത്തെത്തും.
കേരള തീരത്ത് തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലെ കണ്ടെയ്നറിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തീരങ്ങളില്‍ എത്താനാണ് സാധ്യത എന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
കപ്പലില്‍ ഏകദേശം 640 കണ്ടെയ്നറുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 100 ഓളം കണ്ടെയ്നര്കള് കടലില്‍ വീണിട്ടുണ്ടാകും. ഇവ മണിക്കൂറില്‍ ഏകദേശം 3 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പല്‍ മുങ്ങിയ ഇടത്തു നിന്നും ഏകദേശം 37 കിലോമീറ്റര്‍ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.